നൂതനാശയങ്ങളുണ്ടെങ്കില്‍ ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം -മന്ത്രി പി രാജീവ്

news image
Nov 25, 2022, 3:55 am GMT+0000 payyolionline.in

കൊച്ചി: പുത്തന്‍ ആശയങ്ങളാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ നിക്ഷേപമെന്ന് മന്ത്രി പി രാജീവ്.നിങ്ങളുടെ മനസില്‍ സംരംഭം തുടങ്ങാനാവശ്യമായ നൂതനാശയമുണ്ടെങ്കില്‍ ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. നവസംരംഭകര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കുകയാണ് വ്യവസായ വാണിജ്യവകുപ്പ്.

ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കൈവരിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാമതെത്തുന്നവര്‍ക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2 ലക്ഷം രൂപയും സമ്മാനം ലഭിക്കും. 4 മുതല്‍ 10 സ്ഥാനം വരെയുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതല്‍ 20 സ്ഥാനം വരെയുള്ളവര്‍ക്ക് 25000 രൂപ വീതവും സമ്മാനം ലഭിക്കും.

ഡ്രീംവെസ്റ്റര്‍ നൂതനാശയ മത്സരത്തില്‍ നിങ്ങള്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ആകര്‍ഷകമാണെങ്കില്‍ അവ സ്വപ്നങ്ങളായി അവസാനിക്കുകയില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. തെരഞ്ഞെടുക്കുന്ന എല്ലാ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍കുബേഷന്‍ സെന്ററുകളിലെ ഇന്‍കുബേഷന്‍ സ്‌പേസിലേക്കുള്ള പ്രവേശനം, മെന്ററിങ്ങ് പിന്തുണ, സീഡ് കാപ്പിറ്റല്‍ സഹായം, വിപണിബന്ധങ്ങള്‍ എന്നീ സഹായം ലഭ്യമാക്കും.

ഈ നാട് സംരംഭക സൗഹൃദമായി വളരുമ്പോള്‍ സംരംഭകരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്ന പരിപാടിയായി ഡ്രീംവെസ്റ്റര്‍ മാറും.
സംരംഭക വര്‍ഷം പദ്ധതിയുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ വേരൂന്നിക്കൊണ്ട് വിജയകരമായ കൂടുതല്‍ സംരംഭങ്ങള്‍ സ്ഥാപിക്കാനും ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും നിങ്ങളെ സര്‍ക്കാര്‍ സഹായിക്കും. ഇന്നുമുതല്‍ 2022 ഡിസംബര്‍ 23 വരെയുള്ള കാലയളവില്‍ www.dreamvestor.in വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe