നീരൊഴുക്ക് വര്‍ധിച്ചു: മുല്ലപ്പെരിയാറില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു

news image
Nov 23, 2021, 10:47 pm IST

കുമളി : അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു. മൂന്നു ഷട്ടറുകളാണ് തുറന്നത് രാവിലെ എട്ടിനാണ് ഒരു ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 397 ഘനയടി വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കാന്‍ ആരംഭിച്ചത്. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 141.55 അടിയില്‍ എത്തിയതോടെ  വൈകിട്ട് ഏഴ് മുതല്‍ രണ്ട് ഷട്ടറുകള്‍ കൂടി 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഈ വര്‍ഷം നാലാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്.

രാവിലെ ഏഴിന് ജലനിരപ്പ് 141.4 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളില്‍ 9.2 മില്ലീമീറ്ററും തേക്കടിയില്‍ 12.8 മില്ലീമീറ്ററും മഴ പെയ്തു. 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1861.83 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് ശരാശരി 757 ഘനയടി വീതം സെക്കന്‍ഡില്‍ കൊണ്ടുപോയി. ഇടുക്കിയിലേക്ക് സെക്കന്‍ഡില്‍ ശരാശരി 11 ഘനയടി വീതവും ഒഴുക്കി. രണ്ട് ദിവസമായി തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു. ചൊവ്വ പകല്‍ ഇത് 1867 ആയി ഉയര്‍ത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 3700 ആയി ഉയര്‍ന്നു.

ആകെ 1209.19 ക്യുസെക്‌സ് ജലമാണ് ഇപ്പോള്‍ പുറത്തു വിടുന്നത്. ഷട്ടറുകള്‍ തുറക്കുന്ന കാര്യം തമിഴ്‌നാട് അധികൃതര്‍ അത് കേരളത്തെ അറിയിച്ചിരുന്നു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് അണക്കെട്ടിനെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഷട്ടറുകള്‍ തുടര്‍ന്ന് വലിയ തോതില്‍ വെള്ളം ഇടുക്കിയിലേക്ക് ഒഴിക്കേണ്ട സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്.

Read more: https://www.deshabhimani.com/news/kerala/mullaperiyar-dam-more-shutters-lifted/984161

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe