നിയമസഭയിൽ എക്സാലോജിക് ഉന്നയിച്ചു മാത്യു കുഴൽനാടൻ; മൈക്ക് ഓഫ് ചെയ്തു സ്പീക്കർ, വോക്കൗട്ട്

news image
Feb 12, 2024, 10:33 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ എക്സാലോജിക് കമ്പനി ഉടമ ടി.വീണയ്ക്കും പിതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനുമെതിരായി അഴിമതിയാരോപണം ഉന്നയിക്കാനുള്ള കോൺഗ്രസ് അംഗം മാത്യു കുഴൻനാടന്റെ നീക്കം സ്പീക്കർ എ.എൻ.ഷംസീർ തടഞ്ഞു. ബജറ്റ് ചർച്ചയ്ക്കിടെ പ്രസംഗിക്കേണ്ട മാത്യു, അഴിമതി ആരോപണം ഉന്നയിക്കുന്ന കാര്യം മുൻകൂട്ടി സ്പീക്കറെ അറിയിച്ചിരുന്നു.  പ്രസംഗത്തിനിടെ അഴിമതി ആരോപണം ഉന്നയിക്കുന്നുവെന്നു മാത്യു കുഴൽനാടൻ പറഞ്ഞതും സ്പീക്കർ രോഷാകുലനായി. മൈക്ക് ഓഫ് ചെയ്യാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഭരണപക്ഷ ബെഞ്ചുകളിൽ നിന്നു മാത്യുവിനെതിരെ ബഹളം ഉയർന്നു. മൈക്ക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ചു നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടർന്ന് വോക്കൗട്ട് ചെയ്തു.

 

 

അഴിമതിയുമായി ബന്ധപ്പെട്ട ഒരു വിഷയം സഭയിൽ ഉന്നയിക്കാൻ അനുവാദം നൽകണമെന്നു ആവശ്യപ്പെട്ടു ഞാൻ താങ്കളുടെ അനുമതി തേടിയിരുന്നു. അതു ഞാൻ ഉന്നയിക്കുകയാണെന്നു പറഞ്ഞാണു മാത്യു കുഴനാടൻ എക്സാലോജിക് വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ആരംഭിച്ചത്. അത് നിരസിക്കുന്നുവെന്നും ചെയർ അനുമതി തരില്ലെന്നു പറഞ്ഞതാണെന്നും സ്പീക്കർ‌ പറഞ്ഞു. ഇതോടെ പ്രതിപക്ഷ എംഎൽഎമാർ എഴുന്നേറ്റുനിന്നു ബഹളംവച്ചു. മാത്യു കുഴൽനാടൻ സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ  ‘‘മൈക്ക് ഓഫ് ചെയ്യ്…ബഹുമാനപ്പെട്ട അംഗത്തിന്റെ മൈക്ക് ഓഫു ചെയ്യൂ…’’ എന്നു സ്പീക്കർ പറയുകയായിരുന്നു.

‘‘രേഖകൾ ഹാജരാക്കണമെന്നു വളരെ ക്ലീയറായി ചെയർ പറഞ്ഞ കാര്യമാണ്. ഹാജരാക്കിയ രേഖകളിൽ ചെയർ തൃപ്തനല്ല. അതുകൊണ്ട് സഭയിൽ ആരോപണം ഉന്നയിക്കാൻ അനുവദിക്കില്ല. സോറി മാത്യുകുഴൽനാടൻ’’ എന്നായിരുന്നു ബഹളത്തിനിടെ സ്പീക്കറുടെ പ്രതികരണം. എം.വിൻസെന്റ് അടക്കമുള്ള ചില എംഎൽഎമാർ സ്പീക്കർക്കു അരികിലേക്കെത്തി. തുടർന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു സംസാരിച്ചെങ്കിലും വഴങ്ങാന്‍ സ്പീക്കർ തയാറായില്ല.

സ്പീക്കർ‌ നിയമസഭയിൽ അംഗങ്ങളുടെ അവകാശം തടയാൻ ശ്രമിച്ചെന്നു മാത്യു കുഴൽനാടന്‍ എംഎൽഎ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്സാലോജിക് ഉന്നയിക്കുന്നത് തടയാൻ ശ്രമമുണ്ടായി. രേഖകളുടെ പകർപ്പ് സ്പീക്കറുടെ ഓഫീസിനു നൽകിയിരുന്നു. ഒരു രേഖയും നൽകാതെയാണു വി.ഡി. സതീശനു എതിരെ  ആരോപണമുന്നയിക്കാൻ അനുമതി നൽകിയത്. ബജറ്റിൽ പ്രസംഗിക്കാനായി എനിക്കു അനുവദിച്ചു കിട്ടിയ സമയം എട്ടു മിനിറ്റായിരുന്നു. ആ എട്ടുമിനിറ്റിൽ മാസപ്പടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നതിനാൽ നോട്ടിസ് നൽകി. ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട രേഖകൾ സഹിതം നിയമസഭയിൽ സമർപ്പിക്കാനുള്ള അനുമതി വേണമെന്നാണു ആവശ്യപ്പെട്ടിരുന്നത്. രേഖകൾ സമർപ്പിക്കണമെന്നു സ്പീക്കറുടെ ഓഫീസ് അറിയച്ചതിനെ തുടർന്നു ഞാൻ ആ രേഖകൾ നൽകി. എന്നിട്ടും സ്പീക്കർ വിഷയം ഉന്നയിക്കാൻ അവസരം നൽകിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe