നിതീഷ് കുമാറിന്റെ മുന്നണി മാറ്റം; ആർ.ജെ.ഡിയും കോൺഗ്രസും പ്ര​ത്യേക യോഗം വിളിച്ചു

news image
Jan 27, 2024, 10:07 am GMT+0000 payyolionline.in

ന്യൂഡൽഹി: ബി.​ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാർ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നിരിക്കെ, നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ ആർ.ജെ.ഡിയും കോൺഗ്രസും പ്രത്യേകം യോഗം വിളിച്ചു. റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ നടന്ന ചായസത്കാരത്തിൽ നിതീഷ് കുമാർ ഒറ്റക്കാണ് വന്നത്. ഒപ്പം ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സാന്നിധ്യമില്ലാത്തതാണ് സഖ്യത്തിനുള്ളിൽ അസ്വാരസ്യങ്ങളുണ്ടെന്ന് സംശയത്തിന് ബലം നൽകിയത്.

ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ് നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡ്. നിതീഷ് എൻ.ഡി.എക്കൊപ്പം പോയാലും തങ്ങൾ ഇൻഡ്യ സഖ്യത്തിനൊപ്പമുണ്ടാകുമെന്നാണ് ജനതാദളിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാ​ത്ര ബിഹാറിലെത്തും. രാഷ്ട്രീയത്തിൽ ഒരു വാതിലും അടക്കപ്പെടുന്നില്ല. ആവശ്യമുണ്ടെങ്കിൽ വാതിലുകൾ തുറക്കപ്പെടും. എന്നാണ് നിതീഷിന്റെ മടങ്ങിവരവിനെ കുറിച്ച് മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദി പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനം തനിക്ക് തന്നെ വേണമെന്നും ബി.ജെ.പിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകാമെന്നുമാണ് നിതീഷ് കുമാർ മുന്നോട്ടുവെച്ച നിർദേശം. പുതിയ സർക്കാരിൽ സുശീൽ കുമാർ മോദിക്ക് തന്നെയാണ് ഉപമുഖ്യമന്ത്രി പദത്തിലേക്ക് ഏറ്റവും കൂടുതൽ സാധ്യത.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ആർ.ജെ.ഡിക്ക് മുഖ്യമന്ത്രി പദം കൈമാറണമെന്ന ധാരണകൾക്കിടെയാണ് അതിന് തയാറല്ലെന്ന സൂചനയുമായി നിതീഷ് കുമാർ മുന്നണി വിടാനൊരുങ്ങുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe