നാല് പതിറ്റാണ്ടിനു ശേഷം അവര്‍ വീണ്ടും സി.കെ.ജി സ്കൂളിലെ അതേ ക്ലാസ്സ് മുറിയില്‍ ഒത്തുചേര്‍ന്നു

news image
Oct 4, 2013, 7:05 pm IST payyolionline.in

സ്ക്കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മകളുമായി  നാല് പതിറ്റാണ്ടിന്  ശേഷം തിക്കോടി ചിങ്ങപുരം സി കെ.ജി  ഹൈസ്ക്കൂളില്‍  അവര്‍ വീണ്ടുമെത്തി, 1972 ലെ പത്താം ക്ലാസ് ബാച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേര്‍ന്നതോടെ പഴയ ക്ലാസ് മുറി വീണ്ടും സജീവമായി. സ്ക്കൂളിലെ നാലാമത്തെ എസ് എസ് എല്‍ സി ബാച്ചിലെ  വിദ്യാര്‍ത്ഥികളായിരുന്ന 42 പേരില്‍ 35 പേരും അന്നത്തെ അധ്യാപകരില്‍ അഞ്ച് പേരുമാണ് സംഗമത്തിനെത്തിയത്. വാര്‍ധക്യത്തിന്റെ  ജരാനരകള്‍ ഏറ്റുവാങ്ങിയ  പലര്‍ക്കും  പരസ്പരം  തിരിച്ചറിയാന്‍  കഴിയാത്ത അവസ്ഥനൊമ്പരവുമായി. ജീവിതയാത്രക്കിടയില്‍  വിവിധ മേഖലകളില്‍ ഉന്നത പദവിയില്‍ എത്തിപ്പെട്ടവരായിരുന്നു ഇവരില്‍ പലരും. ഓര്‍മ്മയുടെ തീരത്ത്  ഒരു ദിവസം ചെലവഴിക്കാനായി രാജ്യത്തിന്റെ  പലദിക്കുകളില്‍ നിന്നാണ്  പഴയ വിദ്യാര്‍ത്ഥികളില്‍  പലരും സ്ക്കൂളില്‍ എത്തിയത്. ഒ എന്‍ ജി സിയില്‍ സയന്റിസ്റ്റായ ഡോ: കെ.ശിവദാസന്‍ (മുംബൈ), എസ് ബി ടി മാനേജര്‍ ടി ടി ശൈലജ (എറണാകുളം), രാധാകൃഷ്ണന്‍ (ബഹറിന്‍),സി പി ഐ ജില്ലാ അസി. സെക്രട്ടറിയായ  എം.നാരായണന്‍  തുടങ്ങി സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ പഴയ തലമുറയുടെ ഒത്തുചേരല്‍  രോമാഞ്ചമുണര്‍ത്തി.

അധ്യാപകരായിരുന്ന പി. ശ്രീധരന്‍, ടി ചന്തു, പി മുഹമ്മദ്‌, എം നാരായണന്‍, കെ നാരായണന്‍ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു ക്ലാസ് മുറിയിലിരുന്നു  അധ്യാപകരും വിദ്യാര്‍ത്ഥികളും അനുഭവങ്ങള്‍ അയവിറക്കി. മുന്‍ പ്രധാന അധ്യാപകന്‍ മൂടാടി ദാമോദരന്‍, കുഞ്ഞിക്കേളു നായര്‍ എന്നിവരെ സ്മരിക്കാനും ഇവര്‍ മറന്നില്ല. രാവിലെ 10ന് തുടങ്ങിയ സംഗമം വൈകുന്നേരം വരെ നീണ്ടു. നാല്‍പ്പത്തിഒന്ന് വര്‍ഷത്തിനു ശേഷം എല്ലാ തിരക്കുകളും മാറ്റിവെച്ചെത്തിയ ഇവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് സ്നേഹ സൗഹൃദങ്ങള്‍ പുതുക്കി വിടപറഞ്ഞ് പോകുമ്പോള്‍ സംഗമത്തിന്റെ ഓര്‍മ്മക്കായി സ്കൂളിന് ഒരു ഉപഹാരവും സമര്‍പ്പിച്ചു സംഗമത്തില്‍ എം. നാരായണന്‍ അധ്യക്ഷനായി. കെ.പി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.

ഒത്തു ചേര്‍ന്ന സമയത്ത് എടുത്ത ഫോട്ടോ

പഴയകാല ചിത്രം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe