നാട്ടിലേക്കുള്ള വഴി പാലക്കാട് റയിൽവേ സ്റ്റേഷനിൽ യുവതി പ്രസവിച്ചു; രക്ഷകരായി ‘കനിവ് 108

news image
Sep 19, 2022, 4:22 pm GMT+0000 payyolionline.in

പാലക്കാട്: നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിൽ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ്‌ 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത (26) ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

മംഗലാപുരത്ത് നിന്ന് ഒലവക്കോട് റെയ്ൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും ഇവിടെ നിന്ന് ജാർഖണ്ഡിലെ ഹട്ടിയ എന്ന സ്ഥലത്തേക്ക്   പോകാൻ ട്രെയിൻ കാത്ത് ഇരിക്കുമ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരുക്കുകയായിരുന്ന സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടർന്ന് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

തുടർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ ഇന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് സുധീഷ് എസ്.  എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിൻസി ബിനു എന്നിവർ ഉടൻ സ്ഥലത്തേക്ക് തിരിച്ചു.

സ്ഥലത്തെത്തിയ ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ  ബിൻസി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾ കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും  വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുധീഷ് ഇരുവരെയും ഉടൻ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

അടുത്തിടെ, വീട്ടിൽ പ്രസവിച്ച കർണാടക സ്വദേശിനിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാരെത്തിയിരുന്നു. കർണാടക സ്വദേശിനിയും നിലവിൽ ഇരിട്ടി പടിയൂർ താമസവുമായ ഗൗതമി (21)യാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച പുലർച്ചെ 2.45 നാണു സംഭവം. പ്രസവവേദന അനുഭവപ്പെട്ട ഗൗതമി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടിൽ പ്രസവിക്കുകയായിരുന്നു. ഈ സമയം ഭർത്താവ് മാത്രമാണ് ഒപ്പം ഉണ്ടായിരുന്നത്.

ഇദ്ദേഹം ഉടൻ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് അമീർ പി.കെ.ടി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സജിമോൻ ജോസ് എന്നിവർ സ്ഥലത്തെത്തി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സജിമോൻ അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ആംബുലൻസിലേക്ക് മാറ്റിയ ഇരുവരെയും ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe