കുവൈത്ത് സിറ്റി: കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ ജോലിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. തുടരന്വേഷണത്തിനായി രണ്ട് പൊലീസുകാരെയും അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒരു പ്രവാസിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഇയാളെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ശേഷം സ്വന്തം രാജ്യത്തേക്കുള്ള വിമാനത്തില്‍ ഇയാളെ കയറ്റി വിടാനായി രണ്ട് പൊലീസുകാര്‍ കൊണ്ടുപോകുന്നതിനിടെ യുവാവ് രക്ഷപ്പെട്ടു. പൊലീസുകാരുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ ഒരു ടാക്സി വാഹനത്തില്‍ കയറി ജലീബ് അല്‍ ശുയൂഖിലേക്ക് കടന്നുകളയുകയായിരുന്നു.
ജലീബ് അല്‍ ശുയൂഖില്‍ താമസിച്ചിരുന്ന ചില ബന്ധുക്കളുടെ അടുത്തേക്കാണ് യുവാവ് പോയത്. എന്നാല്‍ പൊലീസ് നടത്തിയ വ്യാപക അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം തന്നെ ഇയാളെ വീണ്ടും പിടികൂടി നാടുകടത്തല്‍ കേന്ദ്രത്തില്‍ തന്നെ തിരികെ എത്തിക്കാന്‍ സാധിച്ചു. യുവാവ് എങ്ങനെ രക്ഷപ്പെട്ടു എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.