നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് ആറ് ഗ്രാമീണർ കൊല്ലപ്പെട്ടു

news image
Dec 5, 2021, 10:34 am IST payyolionline.in

ദില്ലി: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് ആറ് ഗ്രാമീണർ കൊല്ലപ്പെട്ടു. നാഗാലാൻഡിലെ മോൺ ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം. ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. 2 ഗ്രാമീണർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് എത്തിയ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

മോൻ ജില്ലയിലെ തിരു ഗ്രാമത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കിൽ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിർത്തത്. ഗ്രാമീണർ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സുരക്ഷാ സേനയുടെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. പ്രതിഷേധം ശമിപ്പിക്കാൻ പൊലീസ് വെടിയുതിർത്തതായും വിവരമുണ്ട്. എല്ലാവരും സമാധാനം പാലിക്കണമെന്ന് നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആവശ്യപ്പെട്ടു.

അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി അമിത് ഷാ

നാഗാലാന്റിലെ സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ചെയ്തു. സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ച ഗ്രാമീണരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe