നറുക്കെടുത്തിട്ട് രണ്ടാഴ്ച, ഭാ​ഗ്യശാലി എവിടെ ? 10 കോടി സർക്കാരിനോ ?

news image
Jul 30, 2022, 2:19 pm IST payyolionline.in

തിരുവനന്തപുരം: പത്തു കോടി മൺസൂൺ ബമ്പർ അടിച്ച കോടീശ്വരൻ ആരാണ്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ആ ഭാഗ്യശാലിയാരെന്ന കാത്തിരിപ്പിലാണ് ലോട്ടറി ഡയറക്ടറേറ്റും ഏജന്റും. ഭാഗ്യശാലി ഇന്നും അജ്ഞാതനായി തുടരുകയാണ്. ഭാഗ്യശാലി ഇതേവരെ ബാങ്കിനെയോ, ലോട്ടറി ഡയറേക്ടറേറ്റിനെയോ സമീപിച്ചിട്ടില്ല.

 

 

ജൂലൈ 17നാണ് ഈ വർഷത്തെ മൺസൂൺ ബമ്പർ നറുക്കെടുത്തത്. MA 235610 എന്ന നമ്പറിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം. നറുക്കെടുപ്പ് നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും ഭാ​ഗ്യശാലി കാണാമറയത്താണ്. എറണാകുളത്ത് നെടുമ്പാശേരി വിമാനത്താവളത്തിലാണ് ആലുവ സഹായി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ലോട്ടറി കച്ചവടക്കാരായ പി.കെ വർഗീസിന്റെ ഭാര്യ റോസിയാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. വിമാനത്താവളത്തിൽ വിറ്റതിനാൽ യാത്രക്കാരാണോ ടിക്കറ്റ് വാങ്ങിയതെന്ന സംശയം നിഴലിക്കുന്നുണ്ട്. 90 ദിവസത്തിനുള്ളിൽ ഭാഗ്യശാലി ലോട്ടറി ഹാജരാക്കിയാൽ മതി. അതുകഴിഞ്ഞ് ലോട്ടറിയുമായി ആരുമെത്തിയില്ലെങ്കിൽ കോടികള്‍ സർക്കാരിനാണ്.

അതേസമയം, ഈ വർഷത്തെ തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന പുരോ​ഗമിക്കുകയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയായ 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. സെപ്റ്റംബറിൽ ആകും നറുക്കെടുപ്പ് നടക്കുക. ആദ്യ ആഴ്ച ഓണം ബമ്പറിന്റെ 10 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്.

സമ്മാനത്തുക വർദ്ധിക്കുന്നതോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും വ്യത്യാസമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം വരെ 300 രൂപയായിരുന്നു വില. ടിക്കറ്റ് വില കൂടിയെങ്കിലും സമ്മാനത്തുക വലിയ ആകർഷണഘടകമാകും എന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഓണം ബമ്പറിന് റെക്കോർഡ് സെയിലാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതുവഴി നികുതിയേതര വരുമാനത്തിൽ വളർച്ചയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe