കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ഏതെന്നു നിശ്ചയിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ. സിബിഐ കോടതിക്കാണ് കേസ് പരിഗണിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നതെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അല്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം. ഇന്നു കേസിന്റെ പുനർ വിചാരണ ആരംഭിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഈ ആവശ്യവുമായി രംഗത്തെത്തിയത്. കേസ് 11നു പരിഗണിക്കാൻ മാറ്റി വച്ചു. ഇതിനകം പ്രതികൾക്ക് ആക്ഷേപം സമർപ്പിക്കാൻ അവസരമുണ്ട്.
സിബിഐ കോടതി മൂന്നിലാണ് നടിയെ ആക്രമിച്ച കേസ് പരിഗണിച്ചിരുന്നത്. ഇതിനിടെ നേരത്തെ സിബിഐ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെ, വനിതാ ജഡ്ജി കേസ് പരിഗണിക്കണമെന്ന അതിജീവിതയുടെ പ്രത്യേക താൽപര്യം പരിഗണിച്ച് കേസ് ഏൽപിക്കുകയായിരുന്നു. ഹണി എം. വർഗീസിനു പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും സിബിഐ കോടതിയിൽ പുതിയ നിയമനം നടന്നിരുന്നില്ല. അതുകൊണ്ടു തന്നെ കേസിന്റെ വാദം കേൾക്കുന്നതിനു ഹൈക്കോടതി പ്രത്യേക അനുവാദം നൽകിയിരുന്നു.
സെഷൻസ് ജഡ്ജിയുടെ അമിത ജോലി ഭാരം കണക്കിലെടുത്ത് സിബിഐ കോടതിയിലേക്കു പുതിയ നിയമനം നടന്നതോടെയാണ് നടിയെ ആക്രമിച്ച കേസിന്റെ വാദം സിബിഐ കോടതി തന്നെ പരിഗണിക്കണം എന്ന ആവശ്യം പ്രോസിക്യൂഷൻ ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അതിജീവിതയും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. പുരുഷ ജഡ്ജി കേസ് പരിഗണിക്കുന്നതിനും എതിർപ്പില്ലെന്നായിരുന്നു അറിയിച്ചിരുന്നത്.