നഗ്ന ഫോട്ടോഷൂട്ട്: ഒരു ചിത്രം മോർഫ് ചെയ്തതെന്ന് രൺവീർ‌; പൊലീസ് പരിശോധിക്കുന്നു

news image
Sep 15, 2022, 10:03 am GMT+0000 payyolionline.in

മുംബൈ: നഗ്ന ഫോട്ടോഷൂട്ട് കേസില്‍ ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തിയപ്പോൾ തന്റെ ഒരു ഫോട്ടോ മോർഫ് ചെയ്തെന്ന് രൺവീർ വാദിക്കുന്നു. ഫോട്ടോയിൽ കാണുന്ന തരത്തിലല്ല തന്റെ ചിത്രം ഷൂട്ട് ചെയ്തതെന്നാണ് നടന്റെ പരാതി. ഓഗസ്റ്റ് 29നാണ് നടൻ മൊഴി നൽകിയത്. പൊലീസ് ഇക്കാര്യം പരിശോധിക്കുകയാണ്.

 

രൺവീറിന്റെ നഗ്ന ഫോട്ടോകൾ എല്ലാം പൊലീസ് കാണിച്ചു. അതിൽ സ്വകാര്യഭാഗങ്ങൾ വ്യക്തമാകുന്ന തരത്തിലെ ഫോട്ടോയിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ് വാദം. ഐപിസി സെക്‌ഷൻ 292, 294 വകുപ്പുകളും ഐടി നിയമത്തിന്റെ 509, 67(എ‌) വകുപ്പുകളും പ്രകാരമാണ് രൺവീറിനുമേൽ ചെമ്പൂർ പൊലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. ജൂലൈയിൽ ഒരു മാസികയ്ക്കുവേണ്ടിയെടുത്ത നഗ്ന ഫോട്ടോഷൂട്ടാണ് വിവാദമായത്.

അമേരിക്കൻ നടനായ ബട്ട് റേനൾഡിന്റെ പ്രസിദ്ധമായ ചിത്രം പുനരാവിഷ്കരിക്കാനുള്ള ശ്രമത്തിൽ നിലത്ത് നഗ്നനായി ഇരിക്കുന്ന ചിത്രവും രൺവീർ പുറത്തുവിട്ട ചിത്രങ്ങളിൽ ഉണ്ടായിരുന്നു. ജൂലൈ 21ന് ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ 26ന് പരാതിയിൽ എഫ്ഐആർ റജിസ്റ്റര്‍ ചെയ്തിരുന്നു. ഓഗസ്റ്റ് 29ന് ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ രാവിലെ ഏഴരയോടെ ഹാജരായ രൺവീറിൽനിന്ന് രണ്ടു മണിക്കൂറോളം നേരമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നുവെന്നും ഇനിയും ആവശ്യമുണ്ടെങ്കിൽ വിളിപ്പിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe