‘ധന്വന്തരി ഡയാലിസിസി’ന് സംഭാവന നല്‍കി നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി മാതൃകയായി

news image
Oct 2, 2013, 8:12 pm IST payyolionline.in

വടകര: ‘ധന്വന്തരി ഡയാലിസിസ്’ നിധിയില്‍ സംഭാവന നല്‍കി  നാലാം ക്ലാസ് വിദ്യര്‍ത്ഥി മാതൃകയാകുന്നു. ചോറോട്  പഞ്ചായത്തിലെ വൈക്കിലശ്ശേരി എം.എല്‍.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി താഴെ കൂമുള്ളി ആര്‍. കാര്‍ത്തിക്കാണ് താന്‍ ഒന്നാം ക്ലാസ് മുതല്‍ ബാലനിധിയിലൂടെ സമ്പാദിച്ച 3920 രൂപ വടകര ഗവ.ജില്ലാ ആശുപത്രിയിലെ  ഡയാലിസിസ് ഫണ്ടിലേക്ക് സംഭാവന നല്‍കി മാതൃകയായത്.  വടകരയിലെ  വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്താനുള്ള സംവിധാമൊരുക്കാന്‍  തുക സ്വരൂപിക്കാനാണ്  ധന്വന്തരി ഡയാലിസിസ് നിധി രൂപീകരിച്ച്  പ്രവര്‍ത്തനമാരംഭിച്ചത്. ഒക്റ്റോബര്‍ 27 ന് ഒറ്റ ദിവസം കൊണ്ട് മൂന്നു കോടി രൂപ സ്വരൂപിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്‌.

 വൈക്കിലശ്ശേരി എം.എല്‍.പി  സ്കൂളില്‍ നടന്ന വാര്‍ഡ്‌ തല കോ-ഓഡിനേഷന്‍ കമ്മിറ്റി രൂപീകരണവും നിധി സമാഹരണവും  പരിപാടിയിലാണ് സ്കൂള്‍  ലീഡര്‍ കൂടിയായ കാര്‍ത്തിക് തന്റെ സമ്പാദ്യം മുഴുവന്‍ വാര്‍ഡ്‌ മെമ്പര്‍ ഉഷയെ ഏല്പിച്ചത്. വടകര  ടൌണ്‍ഹാളില്‍ നടന്ന ‘ ധന്വന്തരി’ ഉദ്ഘാടനചടങ്ങില്‍  കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉദ്ഘാടന പ്രസംഗമാണ് തന്നെ ഈ തീരുമാനത്തിന്  പ്രേരണയായതെന്ന് കാര്‍ത്തിക് പറഞ്ഞു. ജില്ലാ ആശുപത്രി ആര്‍.എം.ഒ  ഡോ.സുബിന്‍ തോമസ്‌ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജേഷ്‌ ചോറോട്, കെ.കെ കേളപ്പന്‍, സഭു കാര്‍ത്തികപ്പള്ളി, വിലങ്ങില്‍ പ്രസാദ്, സി.പി ജയരാജന്‍, ബഷീര്‍ പട്ടാര, ഒ.എം അസീസ്‌, ബാബു, ടി.കെ കുഞ്ഞിക്കണ്ണന്‍, ജി. കെ ഭാസ്കരന്‍, എം.ടി തങ്കം എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe