തോമസ് ഐസക് ഹാജരായാൽ മുഖ്യമന്ത്രിയെയും വിളിപ്പിക്കുമോയെന്ന് ആശങ്ക; ജാഗ്രതയോടെ സിപിഎം

news image
Aug 6, 2022, 8:13 am IST payyolionline.in

തിരുവനന്തപുരം : മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരായേക്കില്ല. പകരം നിയമ നടപടിയിലേക്കു നീങ്ങാനാണ് തീരുമാനം. ആദ്യഘട്ടമായി ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും. ചോദ്യം ചെയ്യലിന് ഹാജരായാല്‍ സമാനമായ നീക്കം മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇ.ഡി നടത്തുമോയെന്ന് സിപിഎമ്മിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കാനുള്ള നീക്കം.

 

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം. ചോദ്യം ചെയ്യലിനായി 11ന് ഹാജരാകാനാണ് തോമസ് ഐസകിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇഡിയുടെ ചോദ്യം ചെയ്യലിനു വിധേയനാകാനായി ഹാജരാകേണ്ട എന്നാണ് നിലവിലെ തീരുമാനം. പകരം തന്‍റെ നിലപാട് വിശദീകരിച്ച് വിശദമായ മറുപടിക്കത്ത് തോമസ് ഐസക് ഇഡിക്കു നല്‍കും. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടന്നു.

സുപ്രീംകോടതിയില്‍ നിന്ന് ഇ.ഡിക്ക് കഴിഞ്ഞ ദിവസം കിട്ടിയ അനുകൂലവിധി കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ മാത്രമാണു ബാധകമെന്നാണ് നിയമോപദേശം ലഭിച്ചത്. കിഫ്ബിക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നതും ആലോചനയിലുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ കൂടിയാലോചനകള്‍ തുടരുകയാണ്.

ഇഡിക്കു മുന്നില്‍ ഹാജരാകുന്നതിന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിയമോപദേശം തേടുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം തോമസ് ഐസക് പ്രതികരിച്ചത്. കിഫ്ബിക്കെതിരായ ഇഡി കേസ് രാഷ്ട്രീയപ്രേരിതമെന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു.

മാത്രമല്ല, കിഫ്ബി കേസില്‍ തോമസ് ഐസക് ഇഡിക്കു മുന്നില്‍ പോയിരുന്നാല്‍, പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസിലും അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായേക്കും. അതിനാല്‍ തോമസ് ഐസകിന് കിട്ടിയ നോട്ടീസില്‍ ജാഗ്രതയോടെ നീങ്ങാനാണ് പാര്‍ട്ടി തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe