തെരുവ് നായ ആക്രമണം; പാലക്കാട്ട് ജോലികഴിഞ്ഞ് മടങ്ങിയ യുവതിക്ക് കടിയേറ്റു

news image
Sep 13, 2022, 2:58 pm GMT+0000 payyolionline.in

പാലക്കാട് : പാലക്കാട്ടും തെരുവുനായ ശല്യം രൂക്ഷം. പാലക്കാട് നഗരത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുൽത്താനയെയാണ് തെരുവ് നായ കടിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. മുഖത്തും കൈകാലുകളിലും  കടിയേറ്റ ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് മാത്രം ആറ് പേർക്കാണ് നായയുടെ കടിയേറ്റത്. മദ്രസയിൽ പോയ വിദ്യാർത്ഥികളും സ്കൂൾ അധ്യാപകനും വിദ്യാർത്ഥിയും അടക്കം നായയുടെ ആക്രമണത്തിനിരയായി. മേപറമ്പിൽ രാവിലെ മദ്രസയിൽ പോയ വിദ്യാർത്ഥികൾക്കാണ് ആദ്യം കടിയേറ്റത്. അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നീ വിദ്യാർത്ഥിനികളെയാണ് നായ ആക്രമിച്ചത്. നായ കുട്ടികളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ ആൾക്കും കടിയേറ്റു. മാരകമായി പരിക്കേറ്റ നെദ്ഹറുദ്ധീനെയും വിദ്യാർത്ഥികളേയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ചങ്ങല പൊട്ടിച്ചെത്തിയ വളർത്തുനായായാണ് ഇവരെ കടിച്ചത്.

നെന്മാറയിൽ സ്കൂൾ വിദ്യാർത്ഥിക്കാണ് കടിയേറ്റത്. ബസ് ഇറങ്ങി ക്ലാസിലേക്ക് പോകുന്നതിനിടെ സ്കൂളിന് മുമ്പിൽ വച്ചായിരുന്നു ആക്രമണം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്.  പാലക്കാട് തോട്ടര സ്കൂളിലെ അധ്യാപകനും നായയുടെ കടിയേറ്റു. കെ.എ ബാബുവിനെ സ്കൂൾ സ്റ്റാഫ് റൂമിന് മുന്നിൽ വച്ചാണ് നായ ആക്രമിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe