തെരുവുനായ ആക്രമണം; ആടുകളെ കടിച്ചുകൊന്നു, 2 ഇടങ്ങളിലായി 70 കോഴികളെയും കടിച്ച് കൊന്നു

news image
Sep 14, 2022, 4:30 pm GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്താകെ തെരുവുനായ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. നിരവധി പേർക്കാണ് ഇന്നും നായകളുടെ കടിയേറ്റത്. അതിനിടെ വേദനയായി 25 വയസുള്ള അജിന്‍റെ മരണ വാർത്തയും എത്തി. കഴിഞ്ഞ ദിവസം നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട അജിൻ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്ഥാനത്താകെ അതിരൂക്ഷമായ ശല്യമായി തെരുവുനായ ആക്രമണം മാറിയിട്ടുണ്ട്. മനുഷ്യനോട് മാത്രമല്ല മറ്റ് ജീവികളോടുള്ള നായ്ക്കൂട്ടത്തിന്‍റെ ക്രൂരത തുടരുകയാണ്.

എറണാകുളം കോതമംഗലം വാരപ്പെട്ടിയിൽ മൂന്ന് ആടുകളെയാണ് നായകൾ കടിച്ചു കൊന്നത്. ഒരാടിനെ  കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കക്കാട്ടൂരിലെ പ്ലാക്കോട്ട് ശിവശങ്കരൻ നായരുടെ ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്.

ഇടുക്കിയിലാകട്ടെ അടിമാലി വാളറയിൽ കോഴിഫാമിൽ കയറി 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കുളമാംകുടി  ജോര്‍ജ്ജിന്‍റ കോഴിഫാമിലാണ് അക്രമണം. കൂത്താട്ടുകുളത്ത് നിരപ്പേൽ ശശിയുടെ 45 കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു.അതേസമയം കൊല്ലം ജില്ലയിൽ മാത്രം ഇന്ന് 51 പേർക്കാണ് നായയുടെ കടിയേറ്റത്. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടി. ഇടുക്കിയിൽ 15 പേർക്ക് കടിയേറ്റു. കോഴിക്കോട് ജില്ലയിൽ ഇന്ന് നാലു പേരെ പട്ടി കടിച്ചു. ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe