തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; ആനകളെ തുരത്തുന്നതിനിടെ പരിക്കേറ്റ ആ‍ർആർടി അംഗം മരിച്ചു

news image
Sep 15, 2022, 4:59 am GMT+0000 payyolionline.in

തൃശ്ശൂർ: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന വയനാട് സ്വദേശി ഹുസൈൻ ആണ് മരിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ പരിക്കേറ്റ ഹുസൈൻ ചികിത്സയിൽ ആയിരുന്നു. ഒരാഴ്ചയിലേറെ ചികിത്സയിൽ കഴിഞ്ഞ ഹുസൈന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ മോശമായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാപ്പിഡ് റെസ്പോൺസ് ടീം (ആ‌‌‌‍ർആർടി) അംഗമാണ് ഹുസൈൻ.

പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുള്ളത്. ഈ സംഘത്തിൽ അംഗമായിരുന്നു മരിച്ച ഹുസൈൻ.

പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന കൂട്ടം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. മുന്നത്തെ ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. തുടർന്നാണ് ആനകളെ തുരത്താൻ കുങ്കിയാനകൾ ഉൾപ്പെടുന്ന സംഘത്തെ പാലപ്പിള്ളിയിൽ എത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe