പയ്യോളി: പോലീസ് കാവലിൽ സ്കൂൾ പിടിഎ തെരഞ്ഞെടുപ്പ്. തൃക്കോട്ടൂർ എയുപി സ്കൂളിലെ പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പാണ് രാഷ്ട്രീയ അതിപ്രസരം മൂലം വിവാദമായത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാ ആരംഭിച്ച തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. തർക്കവും ബഹളവും മൂലം നടപടിക്രമങ്ങൾ ഏറെ വൈകുകയായിരുന്നു. ഇതിനിടയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. ഒടുവിൽ നിലവിലെ പിടിഎ പ്രസിഡണ്ട് ആയ എം വി ഷിബു വീണ്ടും തിരഞ്ഞെടുക്കപെടുകയായിരുന്നു. തർക്കങ്ങളെ തുടർന്ന് പോലീസ് സാന്നിധ്യത്തിലാണ് ഒടുവിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

എ വി ഷിബു പിടിഎ പ്രസിഡണ്ട്
രക്ഷിതാക്കളുടെ പ്രതിനിധികളായി 11 പേരും അധ്യാപകരുടെ പ്രതിനിധികളായ പത്ത് പേരും ഉൾപ്പെടുന്നതാണ് പിടിഎ സമിതി. രക്ഷിതാക്കളുടെ അംഗബലത്തിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നെങ്കിലും അധ്യാപകരുടെ പിന്തുണ താരതമ്യേന കുറവായിരുന്നത്രേ.എന്നാൽ അധ്യാപകർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ സ്റ്റാഫ് കൗൺസിൽ തീരുമാനം ഉള്ളതായി പറയുന്നു. ഇത് എൽഡിഎഫ് ചോദ്യം ചെയ്തു. ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ ആർക്കും അധികാരമില്ലെന്നായിരുന്നു എൽഡിഎഫിന്റെ വാദം. ഇതിനിടെ ഇടതുപക്ഷ അധ്യാപക സംഘടനയായ കെ എസ് ടി യുടെ ഒരു പ്രതിനിധി വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യുഡിഎഫ് അനുഭാവികളായവർ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദ്, അജ്മൽ മാടായി, സജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഏഴ് പേരാണ് ഇറങ്ങിപ്പോയത്.പിന്നീട് 10ൽ 9 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം വി ഷിബുവിനെ പ്രസിഡണ്ട് ആയും എ വി വിജിലയെ വൈസ് പ്രസിഡന്റായും റിട്ടേണിംഗ് ഓഫീസർ പി കെ ശൈലേഷ് പ്രഖ്യാപിക്കുകയായിരുന്നു.അതേസമയം സ്കൂൾ പിടിഎ തെരഞ്ഞെടുപ്പിൽ പുറത്തുനിന്നുള്ളവരെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് വരണാധികാരിയോട് ആവശ്യപ്പെടുകയായിരുന്നുവെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.