തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

news image
May 17, 2024, 6:00 am GMT+0000 payyolionline.in

കാസർകോട്: തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിന് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിജിത്ത്. ഇവരുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. അഭിജിത്തിന്റെ കൈവശം മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഹോൾ ടിക്കറ്റ് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഈ ഹോൾ ടിക്കറ്റ് വാങ്ങാനായി വിദ്യാര്‍ത്ഥി ഹോസ്റ്റൽ മുറിയിലെത്തി. എന്നാൽ വാതിലിൽ കുറേ നേരം തട്ടിവിളിച്ചിട്ടും അഭിജിത്ത് തുറന്നില്ല. ഇതോടെ മൊബൈലിൽ വിളിച്ചു നോക്കി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിദ്യാര്‍ത്ഥികൾ മുറിയുടെ ജനൽ തുറന്ന് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അഭിജിത്തിനെ കണ്ടെത്തിയത്. സംഭവം ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും കോളേജിലെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe