തുടക്കത്തിൽ ദേശീയഗാനം ആലപിച്ചില്ല; നയപ്രഖ്യാപനം വായിക്കാതെ തമിഴ്നാട് ഗവർണർ, സഭയിൽ നിന്ന് ഇറങ്ങിപ്പോയി

news image
Feb 12, 2024, 12:06 pm GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സർക്കാറിന്‍റെ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ ആർ.എൻ. രവി. തുടക്കത്തിൽ ദേശീയഗാനം ആലപിച്ചില്ലെന്നും നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ വായിക്കാതിരുന്നത്. ഇതേത്തുടർന്ന് സ്പീക്കർ എം. അപ്പാറാവു നയപ്രഖ്യാപനത്തിന്‍റെ തമിഴ് പ്രസംഗം സഭയിൽ വായിച്ചു. ഗവർണർ നടത്തിയ പരാമർശങ്ങൾക്ക് രൂക്ഷമായി മറുപടി നൽകിയ സ്പീക്കർ, ഗവർണറുടെ വ്യക്തിപരമായ പരാമർശങ്ങൾ സഭാരേഖയിൽ ഉണ്ടാവില്ലെന്നും പറഞ്ഞു.

നയപ്രഖ്യാപനത്തിന്‍റെ പല ഭാഗങ്ങളും വസ്തുതാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ വായിക്കാൻ വിസമ്മതിച്ചത്. നയപ്രഖ്യാപനത്തിന് മുമ്പും ശേഷവും ദേശീയഗാനം കേൾപ്പിക്കണമെന്ന് നിർദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

മൂന്നുമിനിറ്റിൽ ഗവർണർ പ്രസംഗം അവസാനിപ്പിച്ചതോടെ സ്പീക്കർ തമിഴിൽ നയപ്രഖ്യാപനം വായിക്കുകയായിരുന്നു. ഗവർണറെ സഭയിലിരുത്തി സ്പീക്കർ നയപ്രഖ്യാപനം വായിക്കുന്ന അസാധാരണ സാഹചര്യമാണ് ഇതോടെയുണ്ടായത്. സ്പീക്കർ പ്രസംഗിച്ചതിന് പിന്നാലെ ദേശീയഗാനത്തിന് കാത്തുനിൽക്കാതെ ഗവർണർ സഭവിടുകയും ചെയ്തു.

നപ്രഖ്യാപനത്തിൽ വസ്തുതക്ക് നിരക്കാത്ത ഒന്നുമില്ലെന്നും ഒരു സർക്കാറിനെതിരെയും ആരോപണമില്ലെന്നും സ്പീക്കർ അപ്പാറാവു പിന്നീട് പറഞ്ഞു. ഇത് ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന സഭയാണ്. നയപ്രഖ്യാപനത്തിൽ ഗവർണർ തന്‍റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തിയത് അനുചിതമാണ്. ദേശീയഗാനം ആലപിക്കും വരെ ഗവർണർ സഭയിൽ തുടരേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വിഷയങ്ങളിൽ തമിഴ്നാട് സർക്കാറും ഗവർണറും കൊമ്പുകോർക്കുന്നതിനിടെയാണ് നയപ്രഖ്യാപനം വായിക്കാതെ ഗവർണർ മടങ്ങിയത്. ഈയിടെ കേരള നിയമസഭയിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം വായിക്കാതെ മടങ്ങിയിരുന്നു. രണ്ട് ഖണ്ഡിക മാത്രമാണ് കേരള ഗവർണർ സഭയിൽ വായിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe