‘തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ട് കൂട്ടുനിന്നു’; നിരോധനത്തില്‍ പ്രതികരണവുമായി ബിജെപി

news image
Sep 28, 2022, 5:25 am GMT+0000 payyolionline.in

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ബിജെപി. പോപ്പുലര്‍ ഫ്രണ്ട്  നിരോധനം സ്വാഗതം ചെയ്യുകയാണെന്ന് ബിജെപി അറിയിച്ചു. നിരവധി സംസ്ഥാനങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ട് കൂട്ടുനിന്നെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. നടപടി ധീരമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളെ ഉറുക്കുമുഷ്ടി കൊണ്ട് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയെ നിരോധിക്കാൻ നേരത്തേ അസം  സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. നിരോധനം ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നെന്നും ഇടത് പാർട്ടികളും കോൺഗ്രസും നിരോധനം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് ബിജെപി പ്രതികരണവുമായി രംഗത്തെത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് എല്ലാ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കി. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി  നടത്തിയ റെയ‍്ഡിൽ 106  പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe