തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർത്ഥിനിയുടെ ആത്മഹത്യ

news image
Jul 26, 2022, 6:05 pm IST payyolionline.in

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ ഒരു പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാഴ്ചക്കിടെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിനിയാണിത്. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് പറയുന്നു. അമ്മ ശകാരിച്ചതിനെ തുടർന്ന് പെൺകുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കടലൂർ എസ്പി ശക്തി ഗണേശൻ പറഞ്ഞു.

തമിഴ്നാട് തിരുവള്ളൂരിനടുത്ത് കീഴ്ചേരിയിലെ സ്കൂൾ ഹോസ്റ്റലിൽ ഇന്നലെ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം നടക്കുന്ന തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ വൻ സുരക്ഷയാണ്ഏർപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും ക്യാമറയിൽ പകർത്തും. പെൺകുട്ടിയുടെ സഹോദരന്‍റെ സാന്നിദ്ധ്യത്തിലാണ് നേരത്തേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കേസ് അന്വേഷിക്കുന്ന സിബിസിഐഡി സംഘവും പെൺകുട്ടിയുടെ ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പ്ലസ് ടു വിദ്യാർത്ഥിയെ സ്കൂൾ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ സ്കൂളിൽ എത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു കുടുംബം. കേസന്വേഷണം ഏറ്റെടുത്ത സിബിസിഐഡി പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

അതേസമയം കള്ളാക്കുറിച്ചിയിലെ അക്രമത്തിന്‍റെ അനുഭവത്തിൽ വൻ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ തടയാൻ വൻ പൊലീസ് സംഘത്തെ സ്കൂളിന് മുന്നിലും പരിസരപ്രദേശങ്ങളിലും വിന്ന്യസിച്ചിട്ടുണ്ടെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ ആൽബി ജോൺ പറഞ്ഞു. മരണകാരണം പൊലീസ് അന്വേഷണത്തിൽ വെളിവാകുമെന്നും ക്രമസമാധാനം ഉറപ്പുവരുത്താൻ നടപടികളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഈ മാസം 13 നാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe