ഡൽഹി ജമാ മസ്ജിദിൽ പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതിന് നിരോധനം

news image
Nov 24, 2022, 1:49 pm GMT+0000 payyolionline.in

ന്യൂഡൽഹി∙ ഡൽഹിയിലെ ജമാ മസ്ജിദിന്റെ പരിസരത്ത് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതു നിരോധിക്കാൻ തീരുമാനം. മസ്ജിദിന്റെ കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

‘‘ജമാ മസ്ജിദ് ഒരു ആരാധനാലയമാണ്. ആളുകളെ പ്രാർഥനയ്ക്കായി സ്വാഗതം ചെയ്യുന്നു. എന്നാൽ പെൺകുട്ടികൾ ഒറ്റയ്ക്കു വന്ന് അവരുടെ ആൺസുഹൃത്തുക്കൾക്കായി കാത്തിരിക്കുകയാണ്. ഇതല്ല ഈ സ്ഥലംകൊണ്ട് അർഥമാക്കുന്നത്. അതുകൊണ്ടാണ് നിയന്ത്രണമേർപ്പെടുത്തിയത്. പള്ളിയോ ക്ഷേത്രമോ ഗുരുദ്വാരയോ ആകട്ടെ, അത് ആരാധനാലയമാണ്. അവിടെ അതിനുവേണ്ടി വരുന്നതിന് ഒരു നിയന്ത്രണവുമില്ല’’– ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.

തീരുമാനത്തെ ഡൽഹി വനിതാ കമ്മിഷൻ (ഡിസിഡബ്ല്യു) ചെയർപഴ്സൻ സ്വാതി മലിവാള്‍ അപലപിച്ചു. ‘‘ജമാ മസ്ജിദിനുള്ളിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കാനുള്ള തീരുമാനം തെറ്റാണ്. മസ്ജിദിലെ ഇമാമിന് നോട്ടിസ് അയയ്ക്കും. സ്ത്രീകളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അവകാശമില്ല’’– അവർ ട്വീറ്റ് ചെയ്തു.

സ്ത്രീകൾ ഒറ്റയ്‌ക്ക് വരുമ്പോൾ, മതപരമായ സ്ഥലത്ത് ‘അനുചിതമായ പ്രവൃത്തികൾ’ കാണപ്പെടുന്നുവെന്നും അത്തരം പ്രവൃത്തികൾ നിർത്തലാക്കാനാണു നിരോധനമെന്നും മസ്ജിദിന്റെ പിആർഒ സബിയുല്ല ഖാൻ പറഞ്ഞു. ‘‘മസ്ജിദിൽ സ്ത്രീ പ്രവേശനം നിരോധിക്കില്ല. സ്ത്രീകൾ ഒറ്റയ്ക്കു വരുമ്പോൾ അനുചിതമായ പ്രവൃത്തികൾ കാണുകയും പരിസരത്ത് വിഡിയോകൾ ചിത്രീകരിക്കുകയും ചെയ്യുന്നു. അത്തരം പ്രവൃത്തികള്‍ തടയാനാണു നിരോധനം. കുടുംബങ്ങൾക്കും വിവാഹിതരായ ദമ്പതികൾക്കും മസ്ജിദ് സന്ദർശിക്കുന്നതിനു യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല’’– സബിയുല്ല ഖാൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe