ഡോ.ഷഹ്നയുടെ ആത്മഹത്യ: ഡോ.റുവൈസിന്റെ ഐഎംഎ അംഗത്വം സസ്പെൻഡ് ചെയ്തു, ബന്ധുക്കളെ പ്രതി ചേർക്കും 

news image
Dec 8, 2023, 7:33 am GMT+0000 payyolionline.in

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥി ഡോ.ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ഐഎംഎ അംഗത്വം സസ്പെൻഡ് ചെയ്തു. പുറത്താക്കിയതായി കാണിച്ച് ഐഎംഎ പ്രസ്താവനയിറക്കി. പി. ജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയുടെ പ്രസിഡന്റായിരുന്നു ഡോ. റുവൈസ്. സാമൂഹിക വിഷയങ്ങളിൽ സ്ഥിരം അഭിപ്രായം പറയുന്ന യുവ ഡോക്ടറാണ് മറ്റൊരു ഡോക്ടറടെ മരണത്തിൽ പ്രതിയായത്. 

ഡോ. ഷഹ്നയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ് ഐആറിലുളളത്. ഷഹ്നയുടെ കുടുംബത്തിന് സ്ത്രീധനം നൽകാനാത്തതിനാൽ വിവാഹ ബന്ധത്തിൽ നിന്നും റുവൈസ് പിൻമാറിയതാണ് സുഹൃത്തായ ഡോ.ഷഹ്നയുടെ ആത്മഹത്യക്ക് ഇടയാക്കിയത്. പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കേസിന്റെ കുറ്റപത്രം സമയബന്ധിതമായി നൽകാനാണ് പൊലിസിന്റെ തീരുമാനം. ഇതിനായി തെളിവെടുപ്പുകള്‍ക്കായാണ് റൂവൈസിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ പേർ പ്രതികളാകും. കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ബന്ധുക്കളെ പ്രതിചേർക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും.

”അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ.ഞാൻ വ‍ഞ്ചിക്കപ്പെട്ടു.”

ഒപി ടിക്കറ്റിന്റെ പിറകിൽ ഡോ.ഷഹ്ന എഴുതിയ ആത്മഹത്യകുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. കത്തിൽ റുവൈസിന്റെ പേരുമുണ്ട്. ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.

റുവൈസിന്റെ ഫോണിലെ മെസെജുകൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹനക്ക് അയച്ച മെസേജുകളാണ് മായ്ച്ചുകളഞ്ഞത്. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഫോൺ സൈബർ പരിശോധനയക്ക് അയക്കും. റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നു. പക്ഷെ ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസ് ഷഹ്നയെ സമ്മർദ്ദത്തിലാക്കി. കടുത്ത മാനസികസമർദ്ദത്തിലായ ഷഹ്ന അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ.

ഷഹ്നയുടെ മരണത്തിന് പിന്നാലെ റുവൈസിനുള്ള പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം മെഡിക്കൽ കോളേജ് പൊലീസ് വ്യക്തമാക്കിയിരുന്നില്ല. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe