ഗ്വാളിയർ : വൈദ്യുതിയിൽനിന്നു ഷോക്കേൽക്കുമെന്ന് അറിയാമെങ്കിലും വൈദ്യുതി ബിൽ കണ്ട് ‘ഷോക്കടിക്കുന്നത്’ ആദ്യാനുഭവമാണ് പ്രിയങ്കയ്ക്ക്. ആയിരവും പതിനായിരവുമൊന്നുമല്ല പ്രിയങ്ക ഗുപ്തയുടെ ബിൽ; പിന്നെയോ– 3,419 കോടി! ആരായാലും തലകറങ്ങിവീഴും. ബില്‍ കണ്ട് വീണത് പ്രിയങ്കയല്ല, ഭര്‍ത്താവിന്റെ അച്ഛനാണ്.
മധ്യപ്രദേശിലെ ഗ്വാളിയറിൽ ശിവ് വിഹാർ കോളനിയിലാണു ഞെട്ടിക്കുന്ന കറന്റ് ബിൽ ഉപഭോക്താവിനു സർക്കാരിന്റെ വൈദ്യുതി വകുപ്പ് നൽകിയത്. ഭീമമായ കറന്റ് ബിൽ കണ്ടതോടെ പ്രിയങ്കയുടെ ഭർതൃപിതാവ് കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
‘ജൂലൈ മാസത്തെ ബില്ലാണു കിട്ടിയത്. വലിയ ബിൽ കണ്ടതോടെ അച്ഛനു വയ്യാതായി. അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു’– പ്രിയങ്കയുടെ ഭർത്താവ് സഞ്ജീവ് കങ്കണെ പറഞ്ഞു. തെറ്റു തിരുത്തിയെന്നും ഉത്തരവാദപ്പെട്ട ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും ഊർജമന്ത്രി പ്രദ്യുമൻ സിങ് തോമർ മാധ്യമ പ്രവർത്തകരോടു പ്രതികരിച്ചു.
സംഭവം വാർത്തയായതോടെ തിരുത്തൽ നടപടിയുമായി മധ്യപ്രദേശ് മധ്യക്ഷേത്ര വിദ്യുത് വിത്രാൻ കമ്പനി (എംപിഎംകെവിവിസി) രംഗത്തെത്തി. ബില്ലിലെ തുക മാറിയത് ‘മാനുഷിക പിഴവ്’ ആണെന്നും 1,300 രൂപയുടെ ശരിയായ ബിൽ ഗുപ്ത കുടുംബത്തിനു കൈമാറിയെന്നും ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും എംപിഎംകെവിവിസി ജനറൽ മാനേജർ നിതിൻ മാൻഗ്ലിക് അറിയിച്ചു.