ചേർത്തല കളവംകോടത്ത് വ്യാപക മോഷണം; ഉറങ്ങി കിടന്ന വീട്ടമ്മയുടെ മാലയും വളയും കവർന്നു, മോഷണം വള മുറിച്ച്

news image
Sep 17, 2022, 12:27 pm GMT+0000 payyolionline.in

ചേർത്തല: ചേർത്തല മേഖലയിൽ മോഷണശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി വീടുകളിലാണ് മോഷണശ്രമം നടന്നത്. കളവംകോടം കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം മോഷണവും മോഷണശ്രമങ്ങളും ഉണ്ടായത്.കളവംകോടത്ത് കഴിഞ്ഞദിവസം ആറു വീടുകളിലായാണ് കവർച്ചയും കവർച്ചാശ്രമങ്ങളും നടന്നത്. ഉറങ്ങി കിടന്ന വീട്ടമ്മയുടെ മാലയും വളയും മോഷ്ടാക്കൾ കവർന്നു.

കളവംകോടം ചമ്പക്കാട്ടുവെളി പത്മദാസന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ സുശീലയുടെ രണ്ടു പവനോളം വരുന്ന സ്വർണമാലയും ഒരു പവന്റെ വളയുമാണ് ഇവിടെ നിന്ന് കവർന്നത്. രണ്ടാമത്തെ വള മുറിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സുശീല ഉണർന്നു ബഹളം വെച്ചു. അപ്പോഴാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്. വീടിന്റെ പിൻവാതിലിലെ പൂട്ടുതകർത്താണ് ഇവി‌ടെ മോഷ്ടാവ് അകത്തു കടന്നത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം നടന്നത്.

സമീപത്തു തന്നെയുള്ള ചക്കനാട്ടുചിറ വിജയന്റെ വീട്ടിലും പിൻവാതിലിന്റെ പൂട്ടുതകർത്ത മോഷ്ടാക്കൾ അകത്തുകടന്നു. ഉറങ്ങുകയായിരുന്ന  വിജയന്റെ മകൻ വിനീഷിന്റെ മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ വിനീഷ് ഉണർന്ന് എതിർത്തതിനാൽ ശ്രമം ഉപേക്ഷിച്ചു മോഷ്ടാവ് ഓടിരക്ഷപെട്ടു. പുത്തൻതറ പ്രകാശൻ, താമരശ്ശേരിവെളി വിശ്വംഭരൻ, പുത്തൻതറ സാലി, സുമംഗലത്തു ഷക്കീല എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. ഇവിടെ മോഷ്ടാക്കൾ അകത്തു കടന്നിട്ടില്ലെങ്കിലും വീടിന്റെ പിൻവാതിൽ തുറക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇതു പരാജയപെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചതെന്നാണ് കണക്കാക്കുന്നത്.

പുലർച്ചെ തന്നെ പൊലീസെത്തി വീടുകളിൽ നിന്നും തെളിവുകൾ ശേഖരിച്ചു. സമീപത്തെ സി സി ടി വി കാമറകൾ പരിശോധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സി സി സി ടിവിയിൽ നിന്നും പൊലീസിനു ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് ജാ​ഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe