മലപ്പുറം: ജില്ലയില്‍ ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന വ്യക്തി മരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടി ശക്തമാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. മരണം സംഭവിച്ച പ്രദേശത്ത് സ്ക്രബ് ടൈഫസ് (ചെള്ളുപനി) പരത്തുന്ന ചിഗര്‍ മൈറ്റുകള്‍ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചു.
ഒറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്റ്റീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി. എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. ചെറുജീവികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടരുക.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴല വീക്കം, പേശിവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും വൈദ്യസഹായം തേടണമെന്നും ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.