ചരിത്രത്തിലെ മോശം നയപ്രഖ്യാപനം, സർക്കാർ തികഞ്ഞ പരാജയം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

news image
Jan 25, 2024, 6:58 am GMT+0000 payyolionline.in

തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങൾ ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ധനകാര്യ സംബന്ധിയായ ചില കാര്യങ്ങള്‍ പറയുന്നതല്ലാതെ കേന്ദ്രത്തിനെതിരെ കാര്യമായ ഒരു വിമര്‍ശനവും നയപ്രഖ്യാപനത്തിലില്ല. തെരുവില്‍ പറയുന്നതൊക്കെ വെറുതെയാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ജീവിക്കുന്നതു തന്നെ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെയും ഭയന്നാണ്.

കേരളീയത്തെ കുറിച്ചും നവകേരള സദസിനെ കുറിച്ചും പറയുന്നുണ്ടെങ്കിലും സ്‌പോണ്‍സര്‍ഷിപ്പും ചെലവും സംബന്ധിച്ച ഒരു വിവരങ്ങളുമില്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടു പോലും കണക്ക് നല്‍കിയിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ ലൈഫ് മിഷന് 717 കേടി രൂപ അനുവദിച്ചിട്ട് 18 കോടി മാത്രമാണ് ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതിയെ സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തു. സപ്ലൈകോയില്‍ 13 ഇന അവശ്യ സാധനങ്ങള്‍ പോലും ഇല്ല. പണം നല്‍കാത്തതിനാല്‍ നാല് മാസമായി കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല.

നാലായിരം കോടിയുടെ ബാധ്യതയാണ് സപ്ലൈകോക്കുള്ളത്. വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട അഭിമാന സ്ഥപനമായ സപ്ലൈകോ തകര്‍ന്നു പോയി. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്തിട്ട് ആറ് മാസമായി. പെന്‍ഷന്‍ ലഭിക്കാതെ ആത്മഹത്യ ചെയ്ത സംഭവം വരെ കേരളത്തിലുണ്ടായി. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മരുന്നും ഭക്ഷണവും ഇല്ലാതെ ലക്ഷക്കണക്കിന് പേരാണ് കഷ്ടപ്പെടുന്നത്. എന്നിട്ടാണ് ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തിച്ചത്. ഒന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാരിന്റെ പൊള്ളയായതും യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്തതുമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്.

വിദ്യാർഥികള്‍ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് പോകുമ്പോഴും ഇതിനെ ഉന്നത വിദ്യാഭ്യാസ മേഖല എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും നയപരമായ എന്ത് മാറ്റമാണ് വരുത്താന്‍ പോകുന്നതെന്നതും സംബന്ധിച്ച് ഒരു പ്രഖ്യാപനവുമില്ല. പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ നയരൂപീകരണം സംബന്ധിച്ചും ഒന്നുമില്ല. എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. ധനപ്രതിസന്ധിക്ക് പുറമെ കൃഷി, വിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ സര്‍ക്കാര്‍ അപകടത്തിലാണ്. എന്നിട്ടും ഇതു സംബന്ധിച്ച ഒന്നും നയപ്രഖ്യാപനത്തില്‍ ഇല്ല. ഇത്രയും മോശമായ നയപ്രഖ്യാപനം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നയപ്രഖ്യാപനത്തിൽ ഒന്നുമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. നയപ്രഖ്യാപനവും ബജറ്റും ചടങ്ങ് മാത്രമായാണ് നടക്കുന്നത്. അത്യാവശ്യ കാര്യങ്ങൾ പോലും മുടങ്ങി കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സഹായം ലഭിക്കാൻ കേരള സർക്കാർ കാര്യങ്ങൾ നേരാവണ്ണം ചെയ്തോ എന്നും പരിശോധിക്കണം. നയപ്രഖ്യാപനത്തിൽ പറയുന്നതൊന്നും നടപ്പാക്കാൻ പോകുന്നില്ല. കാര്യങ്ങൾ നടപ്പാക്കാതെയുള്ള സർക്കാറിന്‍റെ പോക്ക് ജനങ്ങൾക്ക് ദുരിതമാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഗവർണറുടേത് നിയമസഭയെ അപമാനിക്കുന്ന നടപടിയെന്നും ഈ അവസ്ഥ വന്നതിൽ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe