ഗൂഗിളിന്റെ നടപടിയില്‍ കേന്ദ്രം ഇടപെട്ടു; മാട്രിമോണിയൽ ആപ്പുകൾ ഗൂഗ്ൾ പ്ലേസ്റ്റോറിൽ പുനഃസ്ഥാപിച്ചു

news image
Mar 3, 2024, 7:01 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: സേവന ഫീസ് നൽകാത്തതിന്റെ പേരില്‍ നൗക്രി, ഷാദി, 99 ഏക്കര്‍ തുടങ്ങിയ ഇന്ത്യന്‍ ഡെവലപ്പര്‍മാരുടെ ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ആപ്പുകള്‍ നയങ്ങള്‍ പാലിച്ച ശേഷം ഗൂഗ്ൾ അവയില്‍ പലതും പുനഃസ്ഥാപിച്ചു. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് ഗൂഗിള്‍ തീരുമാനം പിന്‍വലിച്ചത്. ആപ്പുകള്‍ നീക്കം ചെയ്തതിനെ തുടർന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച ഈ വിഷയത്തില്‍ ഗൂഗിളുമായും സ്റ്റാര്‍ട്ടപ്പുകളുമായും കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ആപ്പുകള്‍ നീക്കം ചെയ്ത ഗൂഗിളിന്റ നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന്റെ നീക്കത്തെ അപലപിക്കുകയും ഡിലീറ്റ് ചെയ്ത ആപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചില കമ്പനികള്‍ നിയമനടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ഗൂഗിളിനെതിരെ ആധിപത്യ ദുരുപയോഗം ആരോപിച്ച് ഫെയര്‍പ്ലേ റെഗുലേറ്റര്‍ സി.സി.ഐയെ സമീപിച്ചേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്. കമ്പനിയുടെ പല ആപ്പുകളും ഗൂഗിള്‍ പ്ലേയില്‍ തിരിച്ചെത്തിയതായി നൗക്രി, 99 ഏക്കര്‍ ആപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഫോ എഡ്ജിലെ സഞ്ജീവ് ബിഖ്ചന്ദാനി എക്സില്‍ കുറിച്ചു. പീപ്പിള്‍സ് ഗ്രൂപ്പിന്റെ ശാദിയും തിരിച്ചെത്തിയിട്ടുണ്ട്. വൈകാതെ മറ്റ് ആപ്പുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ നടപടികള്‍ക്ക് പിന്നാലെ മാട്രിമോണി ഡോട്ട് കോമിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe