ഗാസയിലെ ആശുപത്രിക്ക്‌ നേരെയുള്ള ബോംബാക്രമണം: ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സി.പി.എം

news image
Oct 18, 2023, 10:44 am GMT+0000 payyolionline.in

തിരുവന്തപുരം: ഗാസയിലെ ആശുപത്രിക്ക്‌ നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറ്‌ കണക്കിന്‌ പേര്‍ കൊല്ലപ്പെട്ട നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അറിയിച്ചു. നൂറ്‌ കണക്കിന്‌ സാധാരണ മനുഷ്യരെ കൊന്നൊടുക്കുന്ന ഇത്തരം നടപടികള്‍ സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ തടസം സൃഷ്ടിക്കുകയുള്ളൂ.

എല്ലാവിധ അന്താരാഷ്‌ട്ര ധാരണകളേയും കാറ്റില്‍ പറത്തിക്കൊണ്ട്‌ ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ ഗവണ്‍മെന്റ്‌ നടത്തിയ ബോംബാക്രമണം അത്തരമൊരു സാഹര്യമാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. നേരത്തെ തന്നെ കടുത്ത ഉപരോധം കാരണം വെള്ളവും, വെളിച്ചവും, ഭക്ഷണവും ഇല്ലാതായിത്തീര്‍ന്ന ജനതക്ക് നേരെയാണ്‌ ഇത്തരമൊരു അക്രമണം ഉണ്ടായിരിക്കുന്നത്‌.

ഗാസ മുനമ്പില്‍ കഴിഞ്ഞ കുറച്ച്‌ നാളുകളിലായി തുടര്‍ച്ചയായ അക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്‌ തിരിച്ചടി എന്ന നിലയിലാണ്‌ ഹമാസ്‌ ഇസ്രയേലില്‍ അക്രമണം നടത്തിയത്‌. അതിനെ തുടര്‍ന്ന്‌ കൂടുതല്‍ സംഘര്‍ഷത്തിലേക്ക്‌ ഈ മേഖല കടക്കുകയായിരുന്നു. ഇസ്രയേലും ഹമാസും സംഘര്‍ഷം അവസാനിപ്പിച്ച്‌ ഫലസ്‌തീന്‌ അര്‍ഹതപ്പെട്ട രാജ്യം നല്‍കുന്നതിനുള്ള അന്താരാഷ്‌ട്ര സമ്മർദം ഉയര്‍ന്നുവരണമെന്ന ചിന്തകള്‍ ലോകത്ത്‌ വളര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ഈ ദാരുണ സംഭവം ഉണ്ടായത്‌.

പരിഷ്‌കൃത സമൂഹത്തിന്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ നടപടിക്കെതിരെ ലോകത്തെമ്പാടും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌. ജനാധിപത്യ കേരളത്തിന്റെ പ്രതിഷേധവും ഈ പൈശാചിക നടപടികള്‍ക്കെതിരെ ഉയരേണ്ടതുണ്ട്‌. ഈ നരഹത്യക്കെതിരേയുള്ള കേരളത്തിന്റെ പ്രതിഷേധം ശക്തമായി ഉയര്‍ന്നുവരണമെന്നും സി.പി.എം സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe