ഗവർണർക്കെതിരെ രാജ്ഭവൻ ധർണയിൽ പങ്കെടുത്തു, ഏഴ് സർക്കാർ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

news image
Nov 25, 2022, 10:10 am GMT+0000 payyolionline.in

തിരുവനന്തപുരം : കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഏഴ് ഉദ്യോഗസ്ഥർക്കാണ് ചീഫ് സെക്രട്ടറി നോട്ടീസ് നൽകിയത്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ സഹിതം ബിജെപിയാണ് ഗവർണർക്ക് പരാതി നൽകിയത്. പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായി പി ഹണി ഉള്‍പ്പെടെ ഏഴ് ജീവനക്കാർക്കെതിരെയാണ് ബിജെപി പരാതിയിൽ നടപടി ആവശ്യപ്പെടുന്നത്. ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോ?, എങ്കിൽ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയുള്ള വിശദാംശങ്ങള്‍ അറിയിക്കാനാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകരാണ് നവംബർ 15 ന് രാജ്ഭവനിലേക്ക്  മാർച്ച് നടത്തിയത്.

ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ള നേതാക്കൾ അണിനിരന്ന മാർച്ചിൽ പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനിൽ ഉണ്ടായിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe