ക്വാര്‍ട്ടര്‍ ഫലങ്ങളും ആഗോള സൂചനകളും സ്വാധീനിക്കും

news image
Oct 7, 2013, 10:13 am IST payyolionline.in
മുംബൈ: 2013-14 സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തന ഫലവും അമെരിക്കന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ആഗോള സൂചനകളും സമീപഭാവിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കും.ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നു മാസക്കാലയളവിലെ കമ്പനികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ പുറത്തു വരാന്‍ തുടങ്ങും. ഒക്റ്റോബര്‍ 11ന് പുറത്തുവരുന്ന ഇന്‍ഫോസിസ് ടെക്നോളജീസിന്‍റെ പ്രവര്‍ത്തന ഫലം നിക്ഷേപകര്‍ ഏറെ കരുതലോടെ കാത്തിരിക്കുന്നു. ഓഹരി, നാണയ വിപണികളുടെ അടുത്ത ചലനങ്ങള്‍ ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും. കഴിഞ്ഞ ക്വാര്‍ട്ടറില്‍ രാജ്യത്തെ മുന്‍നിര കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയിലൂടെയാണു നീങ്ങിയത്. ഡോളറിനെതിരേ രൂപയുടെ നിലവാരം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. രൂപയുടെ ചുവടുപിടിച്ച് ഓഹരി വിപണി ദിവസങ്ങളോളം നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍റെ വായ്പാ നയവും ഓഹരി വിപണിയെ നഷ്ടത്തിലേക്ക് തള്ളിയിട്ടിരുന്നു. പൊതു മേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ കടുത്ത വെല്ലുവിളിയാണ് ഇക്കാലയളവില്‍ നേരിട്ടത്. കിട്ടാക്കടം ഉയരുന്നതും വായ്പാ വിതരണം കുറഞ്ഞതും ബാങ്കുകളുടെ ലാഭം ഇടിയാന്‍ കാരണമായിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫലങ്ങള്‍ കാത്തിരിക്കുന്ന ഇടപാടുകാര്‍ വരും ദിവസങ്ങളില്‍ ഏറെ ജാഗ്രതയോടെയാവും വ്യാപാരം നടത്തുക.

രാജ്യത്തെ മൊത്ത വ്യാപാര മേഖലയിലെ സെപ്റ്റംബര്‍ മാസത്തെ വ്യാവസായിക ഉത്പാദന കണക്കുകള്‍ വെള്ളിയാഴ്ച പുറത്തുവരും. ഒക്റ്റോബര്‍ 29ന് റിസര്‍വ് ബാങ്കിന്‍റെ രണ്ടാം ക്വാര്‍ട്ടര്‍ വായ്പാ നയം പുറത്തുവരുന്നത് എങ്ങനെയാവുമെന്നും ഉറ്റുനോക്കുന്നുണ്ട് ഓഹരി ഇടപാടുകാര്‍. ശനിയാഴ്ച്ച ചേര്‍ന്ന സെബി ബോര്‍ഡ് യോഗ തീരുമാനങ്ങളും വരും വാരം ഓഹരി വിപണിയെ സ്വാധീനിക്കും.

ട്രഷറി അടച്ചു പൂട്ടല്‍ ആറ് ദിവസം പിന്നിടുമ്പോള്‍ അമെരിക്കന്‍ പ്രതിസന്ധി പരിഹാരം കാണാതെ തുടരുകയാണ്. ഉപാധികള്‍ ഒന്നും കൂടാതെ ഫെഡറല്‍ ബജറ്റ് പാസാക്കണമെന്ന പ്രസിഡന്‍റ് ഒബാമയുടെ ആവശ്യം പ്രതിപക്ഷം അംഗീകരിക്കാന്‍ ഇടയില്ല. യുഎസ് സാമ്പത്തിക മേഖലയുടെ ചുവടുപിടിച്ച് ആഗോള വിപണി നീങ്ങുന്നതിനാല്‍ ഇവിടെയും പ്രശ്നങ്ങള്‍ ഉറപ്പാണ്. ഈ സ്ഥിതിവിശേഷം തുടരുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ഐഎംഎഫ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോയിങ്, യുനൈറ്റഡ് ടെക്നോളജീസ് കോര്‍പ്പറേഷന്‍ എന്നീ വിമാന നിര്‍മാണ കമ്പനികള്‍ ഉത്പാദനം കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നു.

ഒക്റ്റോബര്‍ 29, 30 തീയതികളില്‍ നടക്കുന്ന ഫെഡറല്‍ റിസര്‍വിന്‍റെ പോളിസി യോഗം പ്രതീക്ഷയോടെ കാത്തിരിക്കുകയാണു നിക്ഷേപകര്‍.

കഴിഞ്ഞ വാരം ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെയാണു വ്യാപാരം പൂര്‍ത്തിയാക്കിയത്. ബിഎസ്ഇ സൂചിക സെന്‍സെക്സ് 188.68 പോയിന്‍റ് നേട്ടവുമായി 19,915.95ല്‍ അവസാനിച്ചു. ദേശീയ സൂചിക നിഫ്റ്റി 74.10 പോയിന്‍റ് നേട്ടമുണ്ടാക്കി. രൂപയുടെ മൂല്യവും ഗണ്യമായി മെച്ചപ്പെട്ട് 61.41ല്‍ എത്തി. അമെരിക്കയില്‍ ട്രഷറി പൂട്ടിയതു മൂലം രാജ്യാന്തര വിപണിയില്‍ ഡോളര്‍ ദുര്‍ബലമായത് രൂപയ്ക്ക് ഗുണമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില ഇടിഞ്ഞതും അമെരിക്ക ഉടനെയൊന്നും ഉത്തേജക പാക്കെജുകള്‍ പിന്‍വലിക്കില്ലെന്ന പ്രതീക്ഷയും വിദേശ നിക്ഷേപമൊഴുക്ക് കൂടിയതും ഓഹരി, നാണയ വിപണികളെ തുണച്ചു. അമെരിക്കന്‍ പ്രതിസന്ധി തുടര്‍ന്നാല്‍ രൂപയുടെ വില ഡോളറിന് 59-60ല്‍ എത്തുമെന്നാണു കരുതുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe