കോഴിക്കോട്-ജിദ്ദ വിമാന യാത്രക്കാരിയുടെ ലഗേജിലെ വിലപിടിപ്പുള്ള വസ്​തുക്കൾ കാണാതായി

news image
Jan 16, 2023, 10:27 am GMT+0000 payyolionline.in

ജിദ്ദ: കോഴിക്കോട് നിന്ന് സ്​പൈസ്​ ജറ്റ്​ വിമാനത്തിൽ​ ജിദ്ദയിലെത്തിയ യുവതിയുടെയും കുഞ്ഞിന്റെയും ലഗേജിൽ നിന്നു വിലപിടിപ്പുള്ള വസ്തുക്കൾ നഷ്​ടമായെന്ന്​ പരാതി. മലപ്പുറം ആതവനാട് സ്വദേശി കൊല്ലത്താഴ്‌വളപ്പിൽ റിസ്‌വാനയും കൈക്കുഞ്ഞുമായിരുന്നു യാത്രക്കാർ. ഈ മാസം 15ന് പുലർച്ചെ 4.40ന് കോഴിക്കോട് നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് എസ്​.ജി 35 നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ.

 

രാവിലെ 8.40ന് ജിദ്ദയിൽ വിമാനം ലാൻഡ് ചെയ്തു. രണ്ട് ട്രോളി ബാഗുകളും ഒരു കാർട്ടൻ ബോക്സുമായിരുന്നു ലഗേജ്​. നമ്പർ ലോക്ക് ചെയ്ത് അയച്ച ഇരു ബാഗുകളുടെയും ലോക്ക് പൊട്ടിച്ച നിലയിലാണ് തിരിച്ചു കിട്ടിയത്. ജിദ്ദ വിമാനത്താവളത്തിൽ വെച്ച്​ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ല. താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇത്​ കണ്ടെത്തിയത്. ഉടൻ ബാഗുകൾ തുറന്നു പരിശോധിച്ചപ്പോൾ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.

ഒരു ബാഗിനകത്തുണ്ടായിരുന്ന സ്വർണ മോതിരവും മറ്റേ ബാഗിനകത്ത് നിന്നും ആപ്പിൾ സ്മാർട്ട് വാച്ചും നഷ്​ടമായി. സ്വർണ മോതിരത്തോടൊപ്പം വെള്ളി മോതിരങ്ങളും മറ്റു വസ്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രമാണ് നഷ്​ടപ്പെട്ടത്. സംഭവത്തിൽ റിസ്‌വാനയുടെ ഭർത്താവും ജിദ്ദ പ്രവാസിയുമായ വെട്ടിക്കാട്ട്മടത്തിൽ അനസ് സ്‌പൈസ് ജെറ്റ് വിമാനകമ്പനിക്ക്​ പരാതി നൽകിയിട്ടുണ്ട്.

പ്രവാസികളുടെ വിമാനയാത്രയിൽ ലഗേജുകളിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ കാണാതാവുന്നത്​ നിത്യ സംഭവമായിരിക്കുകയാണ്​. ഇതിനെക്കുറിച്ച് വിമാനകമ്പനികളിൽ പരാതി നൽകിയാലും നടപടികളൊന്നും ഉണ്ടാവാറില്ലെന്നാണ്​ അനുഭവം.

വിമാനത്താവളങ്ങളിൽ ലഗേജുകൾ കൈകാര്യം ചെയ്യുന്നവരിൽ ചിലരെങ്കിലും പ്രവാസികളുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്​ടിക്കുന്നത് ഈ ആധുനിക സുരക്ഷാ സംവിധാനങ്ങൾക്കിടയിലും തുടരുന്നുണ്ട് എന്നതാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ അധികൃതർ കൈകൊള്ളണമെന്നാണ് പ്രവാസികളുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe