കോട്ടയത്ത് ഉരുൾപൊട്ടൽ: വ്യാപക കൃഷി നാശം, ഗൃഹോപകരണങ്ങളും നശിച്ചു

news image
Jul 31, 2022, 1:12 pm IST payyolionline.in

കോട്ടയം: എരുമേലി തുമരംപാറ വനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വെളളം കയറിയ മേഖലകളില്‍ വ്യാപക നാശനഷ്ടം. നാശനഷ്ടത്തിന്‍റെ വ്യാപ്തിയെ കുറിച്ചുളള റവന്യൂ വകുപ്പ് കണക്കെടുപ്പ് തുടരുകയാണ്. കൃഷി നാശത്തിനും വെളളം കയറിയതിനെ തുടര്‍ന്ന് വീടുകളിലുണ്ടായ നാശത്തിനും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

നിമിഷാര്‍ദ്ധം കൊണ്ട് ഒഴുകിയെത്തിയ വെളളം വലിയ നാശമാണ് തുമരംപാറ മേഖലയില്‍ സൃഷ്ടിച്ചത്. ഒട്ടേറെ വീടുകളില്‍ വെളളം കയറി. പലരുടെയുടെയും കൃഷി നശിച്ചു. ആയിരത്തിയഞ്ഞൂറിലേറെ കോഴികളുണ്ടായിരുന്ന കോഴി ഫാം വെളളപ്പൊക്കത്തില്‍ ഒലിച്ചു പോയി. പലയിടത്തും റോഡിനും കേടുപാടുണ്ടായി. കല്‍ക്കെട്ടുകളും ഇടിഞ്ഞു.

കിണറുകള്‍ മലിനമായതാണ് മറ്റൊരു പ്രശ്നം. വെളളം കയറിയ ചില വീടുകളില്‍ ഗൃഹോപകരണങ്ങളും നശിച്ചു. വെളളം പൊങ്ങിയത് പെട്ടെന്നായതിനാല്‍ ഗൃഹോപകരണങ്ങള്‍ മാറ്റാനുളള സമയം പോലും നാട്ടുകാര്‍ക്ക് കിട്ടിയില്ല. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ മാറി നിന്നതിനാല്‍ വെളളം കയറിയ മേഖലകളിൽ നിന്ന് വെളളം ഇറങ്ങിയിട്ടുണ്ട്.

കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലകളിലും പാലക്കാട്‌, വയനാട്, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്ന് രാത്രി മുതൽ ഏറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കിഴക്കൻ മേഖലകളിലും മഴ കനക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe