‘കൊച്ചിന്റെ കുടുക്ക പൊട്ടിച്ച് ടിക്കറ്റെടുത്തു’; ജോലിക്കായി മലേഷ്യക്ക് പോകാനിരിക്കെ ബംപർ ഭാഗ്യം!

news image
Sep 18, 2022, 11:51 am GMT+0000 payyolionline.in

തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ട് ഇത്തവണത്തെ തിരുവോണം ബമ്പർ ഭാ​ഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപിനാണ് കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി അടിച്ചിരിക്കുന്നത്.

ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ബംപറിന്റെ ഭാഗ്യമെത്തിയത്. പണം ഇല്ലാത്തതിനാൽ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ്സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രിഎടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 25 കോടി രൂപ ലഭിച്ചത്.

‘ബംപർ അടിച്ചെന്നു വിശ്വസിക്കാനാകുന്നില്ല. അറിഞ്ഞ ഉടൻ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ടിക്കറ്റെടുത്തത്. അൻപത് രൂപ കുറവുണ്ടായിരുന്നതിനാൽടിക്കറ്റെടുക്കേണ്ട എന്നു കരുതിയതാണ്. പിന്നെ കൊച്ചിന്റെ കുടുക്കപൊട്ടിച്ച പണം കൊണ്ടാണ് ലോട്ടറി എടുത്തത്. ഒറ്റ ടിക്കറ്റേ എടുത്തിരുന്നുള്ളൂ.’– ബംപർ ജേതാവ് അനൂപ് പറഞ്ഞു.

തങ്കരാജ് ലോട്ടറി ഏജൻസി പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe