കേരളത്തിലെ ആദ്യ സ്വകാര്യ ഹെലികോപ്റ്റര്‍ കല്യാണ്‍ ജ്വല്ലേഴ്സിന്

news image
Oct 9, 2013, 2:24 pm IST payyolionline.in
കൊച്ചി: സ്വര്‍ണാഭരണ വിപണന രംഗത്തെ പ്രശസ്തരായ കല്യാണ്‍ ജ്വല്ലേഴ്സ് അത്യാധുനിക ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്നു. ബിസിനസ് രംഗത്തെ വളര്‍ച്ചയെ പിന്താങ്ങുക എന്ന ലക്ഷ്യത്തോടെയാണു 48 കോടി രൂപ ചെലവില്‍ ക്യാനഡയില്‍ നിര്‍മിച്ച ബെല്‍ 427 ഹെലികോപ്റ്റര്‍ വാങ്ങിയത്. 12നു വൈകിട്ടു നാലിനു തൃശൂരില്‍ കോപ്റ്റര്‍ എത്തും. കേരളത്തിലെ ആദ്യ സ്വകാര്യ ഹെലികോപ്റ്ററും ഹെലിപ്പാഡുമായിരിക്കും ഇത്.

രണ്ടു പൈലറ്റുമാര്‍ക്കു പുറമേ ആറു പേര്‍ക്കു സഞ്ചരിക്കാവുന്ന കോപ്റ്ററിന്‍റെ ഉള്‍ഭാഗം ലഘു കൂടിക്കാഴ്ചകള്‍ക്ക് ഉതകും വിധമാണു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കല്യാണ്‍ ഗ്രൂപ്പിന് ഇപ്പോള്‍ സ്വന്തമായി വിമാനവുമുണ്ട്.

തങ്ങളുടെ ഷോ റൂമുകളിലേറെയും വിമാനത്താവളങ്ങള്‍ ഇല്ലാത്ത ഇടങ്ങളിലായതിനാല്‍ ഹെലികോപ്റ്റര്‍ വഴി എത്തിച്ചേരാനും സമയബന്ധിതമായി ബിസിനസ് കാര്യങ്ങള്‍ നടത്താനും കഴിയുമെന്നു കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍. സജദ് മുഹമ്മദിന്‍റെ ടൈറ്റന്‍ ഏവിയേഷന്‍സ് എന്ന സ്ഥാപനമാണു കല്യാണിനു വേണ്ടി ഹെലികോപ്റ്റര്‍ ഇറക്കുമതി ചെയ്യുന്നത്. മണിക്കൂറിന് ഒരു ലക്ഷം രൂപയും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കു മൂന്നു കോടി രൂപയുമാണിതിന്‍റെ ചെലവ്.

ഹെലികോപ്റ്ററിനു വേണ്ടി തൃശൂര്‍ ശോഭ സിറ്റിയില്‍ ആറര ഏക്കര്‍ വിസ്തൃതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹെലിപ്പാഡും കല്യാണ്‍ നിര്‍മിച്ചിട്ടുണ്ട്. ഹെലിപ്പാഡിനോടു ചേര്‍ന്നു കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ സഹോദരസ്ഥാപനമായ കല്യാണ്‍ ഡവലപ്പേഴ്സ് നിര്‍മിക്കുന്ന വില്ലകളും ഒരുങ്ങുന്നു. 12നു തൃശൂരിലെത്തുന്ന ഹെലികോപ്റ്റര്‍ 14നു വിജയദശമി ദിനം മുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe