കേന്ദ്രമന്ത്രി ഇടഞ്ഞു; നവീകരിച്ച മരക്കാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം മാറ്റി

news image
Oct 8, 2013, 10:00 am IST payyolionline.in

പയ്യോളി : ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന നവീകരിച്ച കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം  ഈ മാസം 20 –ാം തിയ്യതിയിലേക്ക് മാറ്റിവെച്ചു. സ്ഥലം എം.പി.കൂടിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് തഴഞ്ഞെന്ന ആരോപണത്തെ തുടര്‍ന്ന്‍ അദ്ദേഹത്തെ കൂടി പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍ വേണ്ടിയാണ്  ഉദ്ഘാടന പരിപാടി നീട്ടിവെച്ചത്.

 സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്‌ ഉദ്ഘാടനം  ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തേണ്ടിയിരുന്നത് കോഴിക്കോട് എം.പി. എം.കെ.രാഘവന്‍ ആയിരുന്നു. കൊയിലാണ്ടി എം.എല്‍.എ കെ.ദാസന്‍ അദ്ധ്യക്ഷനായും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഒന്‍പത് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം കേമമാക്കാന്‍ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനം നടന്നു വരികയായിരുന്നു. മിനുക്ക്‌ പണികള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് പരിപാടി മാറ്റി വെച്ച പ്രഖ്യാപനം ഉണ്ടായത്. കോട്ടക്കല്‍ ജങ്ക്ഷനില്‍ നിന്ന് വര്‍ണാഭമായ ഘോഷയാത്രയും സ്മാരകത്തിനോട് ചേര്‍ന്ന് ഉദ്ഘാടന പരിപാടിയും നടത്താനായിരുന്നു  സംഘാടകരുടെ തീരുമാനം. ഇതിനായി സ്റ്റേജും പന്തലും ഉള്‍പ്പെടെയുള്ളവ  തയ്യാറാക്കിയിട്ടുണ്ട്.

* പരിപാടിക്ക് വേണ്ടി മുല്ലപ്പള്ളിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നുവെന്ന്  പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍

* ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്

 പയ്യോളി ഗ്രാമ പഞ്ചായത്തിലെ 22 –ാം വാര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച കോട്ടക്കലില്‍ എത്തിയപ്പോഴാണ് സാംസ്‌കാരിക വകുപ്പിന്റെ ഈ പരിപാടിയെ കുറിച്ച് മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയുന്നതത്രേ. തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാന പുരാവസ്തു വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടിയായ സ്ഥലം എം.പി. ഒഴിവാക്കപെട്ട വിവരം മന്ത്രിയുമായി ബന്ധപെട്ട അടുത്ത വൃത്തങ്ങള്‍ തന്നെ അറിയുന്നത്. ഇതിനെ തുടര്‍ന്ന് ഉദ്ഘാടകനായി എത്തേണ്ട മന്ത്രി കെ.സി.ജോസഫിനെ ഫോണില്‍ ബന്ധപെട്ട് മുല്ലപ്പള്ളി തന്നെ  പ്രതിഷേധം നേരിട്ട് അറിയിക്കുകയായിരുന്നത്രേ.

എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി കേന്ദ്രമന്ത്രിയെ  പുരാവസ്തു വകുപ്പ് ഉന്നതോദ്യോഗസ്ഥന്‍ നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ മന്ത്രിക്ക് തിരക്ക് കാരണം പങ്കെടുക്കാന്‍ കഴിയില്ലെന്ന്  ഡല്‍ഹിയിലെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മറുപടി നല്‍കുകയാണു ഉണ്ടായതെന്നും ഔദ്യോഗിക  വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംഭാഷണം ഉണ്ടായിട്ടില്ലെന്നാണ്  മുല്ലപ്പളിയുടെ ഓഫീസ് നല്‍കുന്ന വിവരം.

സംരക്ഷണ ജോലികള്‍ക്കും നവീകരണത്തിനുമായി ഏതാനും  മാസങ്ങളായി കുഞ്ഞാലിമരയ്ക്കാര്‍ സ്മാരക മ്യൂസിയവും  അതിനോടു ചേര്‍ന്ന മരയ്ക്കാരുടെ വീടും അടച്ചിട്ടിരിക്കുകയായിരുന്നു. ഓട് മേഞ്ഞ ഭിത്തികളിലുമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. മലബാര്‍ മേഖലയുമായി ബന്ധമുള്ള പ്രാചീനനാണയങ്ങളും മഹാശിലായുഗത്തിലെ മണ്കലശങ്ങളും അടക്കം വിവിധ പ്രദര്‍ശന വസ്തുക്കളോടെ മ്യൂസിയം വിപുലീകരിച്ചിട്ടുണ്ടണ്ട്.

സീസണുകളില്‍ പ്രതിദിനം 200-300 പേര്‍ വരെ മ്യൂസിയം സന്ദര്‍ശിക്കാനെത്താറുണ്ട്. ഏഴിമലയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ നാവികരുടെ പരേഡും മ്യൂസിയം കോംപൌണ്ടില്‍ സ്ഥാപിച്ച സ്തൂപത്തിനു മുന്നില്‍ അരങ്ങേറാറുണ്ട്. കാലത്ത് ഒമ്പത് മണി മുതല്‍ വൈകീട്ട് 4.30 വരെയാണ് മ്യൂസിയത്തിലെ സന്ദര്‍ശന സമയം. തിങ്കളാഴ്ചകള്‍ അവധിയായിരിക്കും. മുതിര്‍ന്നവര്‍ക്ക് അഞ്ച് രൂപയും കുട്ടികള്‍ക്ക് രണ്ട് രൂപയുമാണ്‌ ടിക്കറ്റ് നിരക്ക്.

 പത്രസമ്മേളനത്തില്‍ പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിന്ധു, വൈസ് പ്രസിഡന്റ് മഠത്തില്‍ അബ്ദുറഹ്മാന്‍, മ്യൂസിയം ചാര്‍ജോഫീസര്‍ കെ.എസ്. ജീവമോള്‍, കെ.വി. ശ്രീനാഥ്, ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജമീല കനത്തില്‍, കലക്ടര്‍ സി.എ. ലത എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ക്ഷുഭിതനായ മുല്ലപ്പളിയെ തിങ്കളാഴ്ച രാവിലെ നേരിട്ട് കണ്ട് ക്ഷാമാപണം നടത്തിയാണ് ഉദ്യോഗസ്ഥര്‍ പ്രശ്നത്തില്‍ നിന്ന് തലയൂരിയത്‌ എന്നറിയുന്നു.  20 ന് ഉച്ചക്ക് ശേഷം പരിപാടി നടക്കുമെന്ന് ചാര്‍ജ്ജോഫീസര്‍ ജീവമോള്‍.കെ.എസ്. അറിയിച്ചു.

സംസ്ഥാന പുരാവസ്തു വകുപ്പ് പുറത്തിറക്കിയ, 8 ന് നടക്കേണ്ട ഉദ്ഘാടന പരിപാടിയുടെ ക്ഷണക്കത്ത്

 

സംസ്ഥാന പുരാവസ്തു വകുപ്പ് പുറത്തിറക്കിയ, 8 ന് നടക്കേണ്ട ഉദ്ഘാടന പരിപാടിയുടെ ക്ഷണക്കത്ത്

സംസ്ഥാന പുരാവസ്തു വകുപ്പ് പുറത്തിറക്കിയ, 8 ന് നടക്കേണ്ട ഉദ്ഘാടന പരിപാടിയുടെ ക്ഷണക്കത്ത്

സംസ്ഥാന പുരാവസ്തു വകുപ്പ് പുറത്തിറക്കിയ, 8 ന് നടക്കേണ്ട ഉദ്ഘാടന പരിപാടിയുടെ ക്ഷണക്കത്ത്

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe