‘കൂട്ടം കൂടി കാഴ്ചകൾ കാണാൻ പോകരുത്’, ‘ഫ്ലഡ് ടൂറിസം’ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി

news image
Aug 4, 2022, 2:42 pm IST payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കാറ്റിന്റെ വേഗത കൂടിയെന്ന മുന്നറിയിപ്പ് ഗൗരവതരമെന്ന് റവന്യൂമന്ത്രി കെ.രാജൻ. മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. 8 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതീവ ഗൗരവത്തോടെയാണ് സർക്കാർ സാഹചര്യം നിരീക്ഷിക്കുന്നത്. ചാലക്കുടി പുഴയിലെ നീരൊഴുക്ക് ഗൗരവമുള്ളതാണ്. പുഴയുടെ തീരത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കും. 2018ന് സമാനമായ രീതിയിലുള്ള ഒഴിപ്പിക്കൽ ചാലക്കുടി പുഴയുടെ തീരത്തുണ്ടാകും. ആളുകൾ മാറാൻ കാത്തിരിക്കാതെ ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാൻ നി‍ർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

മലയോര മേഖലകളിൽ ഒരേ സ്ഥലത്തു തന്നെ മഴ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യമാണ്. മലയോരയാത്രകൾ നടത്തരുത്. ലയങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റണം എന്നും മന്ത്രി നിർദേശിച്ചു. കൂട്ടത്തോടെ കാഴ്ചകൾ കാണാൻ പോകരുത്. ‘ഫ്ലഡ് ടൂറിസം’ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. എൻഡിആർഎഫിന്റെ (NDRF) 9 സംഘങ്ങൾ നിലവിൽ കേരളത്തിലുണ്ട്. ഒരു സംഘത്തെ കൂടി ആവശ്യപ്പെട്ടതായും കെ.രാജൻ പറഞ്ഞു. മുന്നറിയിപ്പ് കണക്കിലെടുക്കാതെ കടലിൽ പോകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

 

എല്ലാ കാലാവസ്ഥാ ഏജൻസികളുടെയും പ്രവചനം സമാന രീതിയിൽ ഉള്ളതാണ്. മുന്നൊരുക്കങ്ങളിൽ കുറവ് വരുത്തിയിട്ടില്ല. നാളെ വരെ അതീവ ജാഗ്രത തുടരും. സാമാന്യ ദുരന്തം ഒഴിഞ്ഞെന്ന് പ്രഖ്യാപിക്കും വരെ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും റവന്യൂ മന്ത്രി പറഞ്ഞു. എറണാകുളത്ത് അവധി നൽകാൻ വൈകിയോ എന്നത് പരിശോധിക്കുമെന്നും കെ.രാജൻ പറഞ്ഞു.

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.

കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാനായില്ല. ഇതേ തുടർന്ന് ആറ് വിമാനങ്ങൾ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe