കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നത്: വനിതാ കമ്മിഷന്‍

news image
Jul 25, 2022, 7:43 pm IST payyolionline.in

തൃശൂർ: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭ്യമാകുന്ന വിധം കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഷിജി ശിവജി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അതിജീവിതയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഷിജി ശിവജി. കേസില്‍ കുന്നംകുളം പൊലീസ് നടത്തിയ കൃത്യമായ അന്വേഷണം അഭിനന്ദനാര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒന്നരവര്‍ഷത്തിലധികമായി ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിനിരയാകുകയാണ് യുവതി. അതിക്രൂര മര്‍ദ്ദനമാണ് അതിജീവിത ഏറ്റുവാങ്ങിയതെന്ന് നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരു ഭര്‍ത്താവും ഭാര്യയോട് ചെയ്യാത്ത ലൈംഗികാതിക്രമമാണ് യുവതിക്ക് നേരെ ഉണ്ടായതെന്നും ഷിജി ശിവജി പ്രതികരിച്ചു.

വിഷയം സംബന്ധിച്ച് പൊലീസ് അധികൃതരോട് അഡ്വ. ഷിജി ശിവജി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മിഷന്‍ അടിയന്തരമായി വിശദമായ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അതിജീവിത നാട്ടിലെത്തി ചികിത്സ തേടിയ ശേഷമാണ് സംഭവം പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe