‘കുട്ടിയെ വേണം’; രണ്ടാനച്ഛൻ മർദിച്ച 7 വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

news image
Apr 19, 2024, 10:45 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴുവയസുകാരനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം പുറത്തുവന്നതിനെ തുടർന്ന് കുട്ടിയെ വേണമെന്ന് ആവശ്യപ്പട്ട് കുഞ്ഞിന്റെ പിതാവ്. ആവശ്യവുമായി പൊലീസിനെ സമീപിച്ച അച്ഛൻ കുടുംബ കോടതിയിൽ ഹർജിയും സമർപ്പിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനക്ക് ഹാജരാക്കിയിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്.

ഏഴുവയസുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛൻ ആറ്റുകാൽ സ്വദേശി അനുവിനെ ഇന്നലെയും അമ്മ അഞ്ജനെയെ ഇന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് തനിക്ക് മർദനമേറ്റ കാര്യം കുട്ടി വിശദമാക്കുന്ന വീഡിയോ പുറത്തുവന്നത്. പച്ചമുളക് തീറ്റിച്ചുവെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നും കുട്ടി പറയുന്നത് വീഡിയോയിലുണ്ട്. കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛനായ അനു കുട്ടിയെ അതിക്രൂരമായി മർദിക്കുകയാണ്. കുട്ടിയുടെ ദേഹമാസകലം മർദനമേറ്റ പാടുകളുണ്ട്.

 

കുട്ടിയെ മർദിക്കുമ്പോൾ അമ്മ തടഞ്ഞില്ലെന്നും കുട്ടി പറഞ്ഞു. ചിരിച്ചതിനും നോട്ടെഴുതാൻ വൈകി എന്നൊക്കെ പറഞ്ഞുമാണ് മർദ്ദനമെന്നാണ് പരാതി. രണ്ടാനച്ഛൻറെ വീട്ടുകാരാണ് കുട്ടിയുടെ ശരീരത്തിലെ പാടുകൾ ആദ്യം കണ്ടത്. അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുമ്പ് പോയിരുന്നത്. ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ പൊലീസിലും പരാതി നൽകി. തുടർന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe