ആലപ്പുഴ: മഴ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ കളക്ടറായി പുതുതായി ചുമതലയേറ്റ വി ആർ കൃഷ്ണ തേജയാണ് ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ചുള്ള കളക്ടറുടെ കുറിപ്പാകട്ടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പ്രിയ കുട്ടികളെ എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടാണ് കളക്ടറുടെ കുറിപ്പ്. ‘അവധിയെന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ.
നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന് അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ’ – ഇങ്ങനെയാണ് കളക്ടർ കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേർ കളക്ടറുടെ കുറിപ്പിനെ അഭിനന്ദിച്ച് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.