കാർ വാടകയ്ക്ക് എടുത്ത് തമിഴ്നാട്ടിലേക്ക് കടത്ത്, മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിച്ച് വിൽപ്പന, പ്രതി പിടിയിൽ

news image
Aug 1, 2022, 2:46 pm IST payyolionline.in

തിരുവനന്തപുരം: കേരളത്തിൽ നിന്നും വാടകയ്ക്ക് എടുക്കുന്ന കാർ തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. തഞ്ചാവൂർ സ്വദേശി സന്തോഷ് കുമാറിനെയാണ് പേട്ട പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും കടത്തിയ ഒരു കാറും കണ്ടെത്തി. റെന്‍ഡ് എ കാർ ബിസിനസ്സ് നടത്തുന്നവരിൽ നിന്നും കാർ വാടകയ്ക്ക് എടുക്കുന്ന സന്തോഷ് തമിഴ്നാട്ടിലേക്ക് കടത്തും. തുടര്‍ന്ന് കാറുകള്‍ പൊളിച്ചുവിൽക്കുന്ന സംഘത്തിന് ഈ കാർ കൈമാറി പണം വാങ്ങും.

 

മണിക്കൂറുകള്‍ക്കുള്ളിൽ സംഘം കാർ പൊളിച്ച് പല ഭാഗങ്ങളായി വിൽപ്പന നടത്തും. പുതിയ കാറുകളാണെങ്കിൽ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പ‍ർ വച്ച് തമിഴ്നാട്ടിൽ തന്നെ സന്തോഷ് വാടകയ്ക്ക് നൽകും. ഇതിനിടെ രഹസ്യമായി വാഹനത്തിനുള്ളിൽ ജിപിഎസ് വയ്ക്കും. വാടകയ്ക്ക് ഓടുന്ന വണ്ടിയെ സന്തോഷിന്‍റെ ഗുണ്ടകള്‍ ആക്രമിച്ച് തട്ടിയെടുത്ത് കടക്കും. വായ്പ മുടങ്ങിയതിന് പണം നൽകിയവർ തട്ടികൊണ്ടുപോയതായാണെന്ന് വാടകയ്ക്ക് എടുത്തവരെ തെറ്റിദ്ധരിപ്പികയും ചെയ്യും. തട്ടിയെടുക്കുന്ന വാഹനം മറ്റൊരു വ്യാജ നമ്പറിൽ തമിഴ്നാട്ടിലെ മറ്റൊരു ഭാഗത്തുള്ള സംഘത്തിന് കൈമാറും.

ഇങ്ങനെ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സന്തോഷ്. രണ്ടാഴ്ച മുമ്പ് തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയിൽ നിന്നും 10 ദിവസത്തേത്ത് വാടകയ്ക്ക് എടുത്ത കാറുമായി സന്തോഷ് മുങ്ങി. കമ്പനി ശംഖമുഖം അസി. കമ്മീഷണർ പൃഥിരാജിന് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സന്തോഷ് തമിഴ്നാട്ടിൽ നിന്നും അറസ്റ്റിലായത്.

ലൈസൻസോട് കുടി വാഹനങ്ങള്‍ വാടകയ്ക്ക് നൽകുന്ന സ്ഥാപനമായതിലാണ് പൊലീസിൽ പരാതി നൽകിയത്. അനധികൃതമായി വാഹനങ്ങള്‍ വാടകയ്ക്ക് നൽകുന്ന നിരവധിപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പൊലീസിൽ പരാതി നൽകിയിട്ടില്ല. തമിഴ്നാട്ടിൽ ഹണിട്രാപ്പ് സഹിതം മൂന്ന് കേസിൽ പ്രതിയാണ് പിടിയിലായ സന്തോഷ്. സന്തോഷ് കടത്തിയ നിസാൻ കാറും പൊലിസ് കണ്ടെത്തി. പേട്ട സിഐ റിയാസ് രാജയുടെ നേതൃത്വത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe