കാല്‍ക്കുഴയ്ക്ക് പരിക്ക്; സുല്‍ത്താന്‍ നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

news image
Nov 25, 2022, 1:31 pm GMT+0000 payyolionline.in

ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നല്‍കുന്നത്. നെയ്മറുടെ സ്‍കാനിംഗ് റിപ്പോർട്ട് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

യൂറോപ്യന്‍ ഫിസിക്കല്‍ ഗെയിമിന് പേരുകേട്ട സെര്‍ബിയക്കെതിരായ ബ്രസീലിന്‍റെ മത്സരം പൂര്‍ത്തിയാവാന്‍ 11 മിനിറ്റ് ബാക്കിയിരിക്കെ പരിക്കേറ്റ കാലുമായി മുടന്തി നെയ്മര്‍ വേദനയോടെ മൈതാനം വിടുകയായിരുന്നു. നെയ്മറുടെ കാല്‍ക്കുഴയില്‍ നീര് വന്നിരിക്കുന്ന ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നതോടെ ആരാധകർ ആശങ്കയിലായി. നെയ്മറുടെ കാലില്‍ നീര്‍ക്കെട്ടുണ്ടെന്നും സ്‍കാനിംഗ് വേണ്ടിവരുമെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വിറ്റ്സർലന്‍ഡിനെതിരെ താരം കളിക്കും എന്ന പ്രതീക്ഷയാണ് സെർബിയക്കെതിരായ മത്സര ശേഷം ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെ പങ്കുവെച്ചത്.

ബ്രസീല്‍-സെർബിയ കളിയുടെ അവസാന നിമിഷങ്ങളില്‍ നെയ്മർ വേദന കാരണം സൈഡ് ബെഞ്ചില്‍ കണ്ണടച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കാണാനായിരുന്നു. പിന്നീട് മുടന്തി മുടന്തിയാണ് നെയ്മര്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോയത്. സെര്‍ബിയന്‍ താരങ്ങളുടെ കടുത്ത ടാക്ലിംഗിന് നെയ്മര്‍ ഇന്നലെ വിധേയനായിരുന്നു. കടുത്ത മാര്‍ക്കിംഗിലൂടെ നെയ്മറെ പൂട്ടുന്നതില്‍ സെര്‍ബിയന്‍ താരങ്ങള്‍ വിജയിക്കുകയും ചെയ്തു. ഇടക്കിടെ കെട്ടുപൊട്ടിച്ച് നെയ്മര്‍ പുറത്തുചാടാന്‍ ശ്രമിച്ചപ്പോഴൊക്കെ കടുത്ത ടാക്ലിംഗിലൂടെ സെര്‍ബിയ നേരിട്ടു. ഇതിന്‍റെ ഭാഗമായാണ് നിക്കോള മിലങ്കോവിച്ചിന്‍റെ ടാക്ലിംഗില്‍ നെയ്മറുടെ വലതു കാല്‍ക്കുഴയില്‍ പരിക്കേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe