കാര്യവട്ടം ടി20: 68 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു; മത്സരം ബുധനാഴ്ച്ച, ദക്ഷിണാഫ്രിക്ക പുലര്‍ച്ചെയെത്തും

news image
Sep 24, 2022, 3:31 pm GMT+0000 payyolionline.in

തിരുവനന്തപുരം: ബുധനാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള 68 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച്ച മുതല്‍ ഇതിനോടകം 19720 ടിക്കറ്റുകള്‍ വിറ്റു. 6000 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. അപ്പര്‍ ടിയറില്‍ 1700 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.

സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം. ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് [email protected]  എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ തയാറാക്കിയ വിക്കറ്റുകള്‍ ബിസിസിഐ ക്യൂറേറ്റര്‍ ഇന്ന് പരിശോധിച്ചിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ഗ്രീന്‍ഫീല്‍ഡില്‍ തയാറാക്കിയിട്ടുള്ള വിക്കറ്റുകളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ ബിജു എ എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്.

വിക്കറ്റുകളും ഔട്ട്് ഫീല്‍ഡും മത്സരത്തിനു സജ്ജമാണ്. മറ്റു തയാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ ടീം 25ന് പുലര്‍ച്ചെ തിരുവനന്തപുരത്തെത്തും. ദുബായില്‍ നിന്നുള്ള ഋഗ0522 എമിറേറ്റ്സ് വിമാനത്തില്‍ പുലര്‍ച്ചെ 3.10നാണ് ദക്ഷിണാഫ്രിക്കന്‍ ടീം തലസ്ഥാനത്തെത്തുക. 25നു തന്നെ ടീം പരിശീലനം ആരംഭിക്കും. ഹൈദരാബാദില്‍ നിന്നും യാത്രയാരംഭിക്കുന്ന ടീം ഇന്ത്യ 26ന് വൈകിട്ട് 4.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക.

ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീന്‍ഫീല്‍ഡില്‍ തയാറാണ്. 25നും 26നും വൈകിട്ട് അഞ്ചു മുതല്‍ രാത്രി എട്ടുവരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലനം. 26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ച് ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെ കാണും. 27ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെ ദക്ഷിണാഫ്രിക്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ടുവരെ ടീം ഇന്ത്യയും പരിശീലനം നടത്തും. മത്സരത്തിനു മുന്നോടിയായി 27ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ച് രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ മാധ്യമങ്ങളെ കാണും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe