കാനഡയിലേക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് തിരിച്ചടി; നടപടികൾ വൈകും

news image
Oct 20, 2023, 1:55 pm GMT+0000 payyolionline.in

ദില്ലി: കാനഡയിലേക്കുള്ള വിസ അപേക്ഷകളിൽ നടപടികൾ വൈകും. 41 നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാൻ ഇന്ത്യ നിർദ്ദേശിച്ച സാഹചര്യത്തിൽ മൂന്നു കോൺസുലേറ്റുകളിലെ വിസ സർവ്വീസ് നിര്‍ത്തിവെച്ചതായി കാനഡ അറിയിച്ചു. അതേസമയം, ഇന്ത്യ അന്താരാഷ്ട്ര ചട്ടം ലംഘിച്ചെന്ന കാനഡയുടെ ആരോപണം വിദേശകാര്യമന്ത്രാലയം തള്ളി. ഇന്ത്യ- കാനഡ നയതന്ത്ര തർക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് ഇന്ത്യ നേരത്തെ നിര്‍ത്തിവച്ചിരുന്നു. എന്നാൽ കാനഡ ഇന്ത്യയിൽ നിന്നുള്ള വിസ അപേക്ഷകൾ പരിഗണിക്കുന്നത് തുടർന്നു. ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ മൂന്നു കോൺസുലേറ്റുകളിലെ വിസ സർവീസുകൾ നിര്‍ത്തിവയ്ക്കാനാണ് കാനഡ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ദില്ലിയിലെ ഹൈക്കമ്മീഷനിൽ മാത്രം സർവീസുകൾ തല്‍ക്കാലം തുടരും.  നയതന്ത്ര പരിരക്ഷ ഇന്ത്യ റദ്ദാക്കിയ സാഹചര്യത്തിൽ കാനഡയുടെ 41 ഉദ്യോഗസ്ഥർ ഇന്നലെ മടങ്ങി.  ഇന്ത്യയുടെ നിർദ്ദേശം അന്താരാഷ്ട്ര നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലനി ജോളി ആരോപിച്ചു ഇന്ത്യയ്ക്ക് കാനഡയിലുള്ളതിൻറെ രണ്ടിരട്ടി ഉദ്യോഗസ്ഥർ കാനഡയ്ക്ക് ഇന്ത്യയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണം വെട്ടിക്കുറയ്ക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നല്കിയത്.

കഴിഞ്ഞ ഒരു മാസമായി കാനഡയുമായി ചർച്ചയിലാണെന്നും നയതന്ത്ര ചട്ടങ്ങൾ സംബന്ധിച്ച വിയന്ന കൺവെൻഷൻ അനുസരിച്ചാണ് നടപടിയെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. ഇന്ത്യയ്ക്കകത്തെ വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ഇടപെട്ടെന്നും വിദേശകാര്യമന്ത്രാലയത്തിൻറെ പ്രസ്താവനയില്‍ പറയുന്നു. ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിനു ശേഷം കാനഡ രാജ്യം വിടാൻ നിർദ്ദേശിച്ചതിൻറെ അടിസ്ഥാനത്തിൽ ഒരിന്ത്യൻ ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി. മൂന്നു കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിര്‍ത്തിവച്ചത് കാനഡയിലേക്ക് പോകാൻ വിസയ്ക്ക് അപേക്ഷ നല്കി കാത്തിരിക്കുന്ന നൂറുകണക്കിനാളുകൾക്ക് വൻ തിരിച്ചടിയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe