കശ്‌മീർ വാഹനാപകടം; യുവാക്കളുടെ മൃതദേഹങ്ങൾ ഇന്ന്‌ നാട്ടിലെത്തിക്കും

news image
Dec 7, 2023, 5:12 am GMT+0000 payyolionline.in
പാലക്കാട്‌ : ജമ്മു കശ്‌മീരിലെ ശ്രീനഗർ – ലേ ദേശീയപാതയിൽ ചൊവ്വാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച ചിറ്റൂർ സ്വദേശികളായ നാല്‌ യുവാക്കളുടെ മൃതദേഹം വ്യാഴാഴ്‌ച നാട്ടിലെത്തിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ശ്രീനഗറിലെത്തിച്ചു. മഞ്ഞിൽ തെന്നി വാഹനം കൊക്കയിലേക്ക്‌ മറിയുകയായിരുന്നു. ശ്രീനഗറിൽനിന്ന്‌ മൃതദേഹങ്ങൾ വിമാനത്തിൽ ഡൽഹിയിലെത്തിക്കും. ഡൽഹിയിൽനിന്ന്‌ കോയമ്പത്തൂരിലേക്കോ നെടുമ്പാശേരിയിലേക്കോ എത്തിച്ചശേഷമാകും ബന്ധുക്കൾക്ക്‌ കൈമാറുക.

ഗുരുതര പരിക്കേറ്റ മനോജ്‌ ശ്രീനഗർ ഷേർ കശ്‌മീർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്‌. ഒപ്പമുള്ള എട്ടുപേരെ സോനാ മാർഗിലെ സൺ മേരി ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്‌. പാലക്കാട്‌ ചിറ്റൂർ നെടുങ്ങോട്ടുനിന്ന്‌ നവംബർ 30നാണ്‌ 13 പേർ യാത്ര പുറപ്പെട്ടത്‌. ബുധനാഴ്‌ച മടങ്ങാനിരിക്കെ ചൊവ്വാഴ്‌ചയാണ്‌ സോനാ മാർഗിൽ അപകടത്തിൽപ്പെട്ടത്‌.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ഗണ്ടേർബാൽ കലക്‌ടറുമായി ബന്ധപ്പെട്ട്‌ നോർക്ക റൂട്ട്സിന്റെ സഹായത്തോടെയാണ്‌ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്‌. നോർക്ക റൂട്ട്‌സിലെ മൂന്നുപേർ സ്ഥലത്തെത്തിയിട്ടുണ്ട്‌. കാലാവസ്ഥ പ്രതികൂലമായതിനാലാണ്‌ മൃതദേഹങ്ങൾ ശ്രീനഗറിലെത്തിക്കാൻ വൈകിയത്‌. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ്‌ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്‌.

അനുശോചിച്ചു

കശ്‌മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളുടെ മരണത്തിൽ മന്ത്രി എം ബി രാജേഷ് അനുശോചിച്ചു. ചൊവ്വാഴ്‌ച വിവരം അറിഞ്ഞയുടൻ ആവശ്യമായ നടപടി സ്വീകരിക്കാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള അടിയന്തര ഇടപെടൽ നടത്താനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe