കരുവന്നൂർ സഹകരണ ബാങ്ക്‌ വായ്‌പാ ക്രമക്കേട്‌ ; ഇഡി അന്വേഷണം ലോക്‌സഭാ 
തെരഞ്ഞെടുപ്പുവരെ നീണ്ടേക്കാം

news image
Jan 24, 2024, 5:52 am GMT+0000 payyolionline.in
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക്‌ വായ്‌പാ ക്രമക്കേട്‌ സംബന്ധിച്ച  ഇ ഡി അന്വേഷണം ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ നീണ്ടേക്കാമെന്ന്‌ സൂചന. മൂന്നുവർഷം മുമ്പ്‌ തുടങ്ങിയ അന്വേഷണം പൂർത്തിയാക്കി പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച്‌ മൂന്ന്‌ മാസമായിട്ടും വീണ്ടും അന്വേഷണവുമായി മുന്നോട്ടുപോകാൻ ബിജെപി  സമ്മർദം ശക്തമാക്കി. നേരത്തേ ക്രൈംബ്രാഞ്ച്‌ അന്വേഷിച്ച കേസിൽ ബാങ്ക്‌ മുൻ സെക്രട്ടറി ടി ആർ സുനിൽകുമാർ ഒന്നാം പ്രതിയും മുൻ മാനേജർ ബിജു കരീം രണ്ടാം പ്രതിയുമാണ്‌.  ഇവരെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചെങ്കിലും ഇഡി അറസ്‌റ്റ്‌ ചെയ്‌തില്ല.  ഇവരെ മാപ്പുസാക്ഷികളാക്കി മൊഴി എഴുതിവാങ്ങി അതിന്റെ മറവിൽ സിപിഐ എം നേതാക്കളിലേക്ക്‌ എത്താനാണ്‌ ഇഡി ശ്രമം. അങ്ങനെ പുകമറ സൃഷ്ടിക്കാനാണ്‌ സമ്മർദം. ക്രൈംബ്രാഞ്ച്‌ അന്വേഷിച്ച കേസ്‌ രേഖകൾ നിലവിൽ ഇഡി കസ്‌റ്റഡിയിലാണ്‌. ഇഡിയുടെ മാപ്പുസാക്ഷികൾ  കേസിലെ പ്രധാന പ്രതികളാണെന്ന്‌ വ്യക്തമാക്കുന്ന രേഖകളാണ്‌ ക്രൈംബ്രാഞ്ചിന്റേത്‌.  ഇത്‌ തിരിച്ചുനൽകിയാൽ മാപ്പുസാക്ഷികൾ പ്രതികളാണെന്ന്‌ കോടതിയിൽ തെളിയിക്കാനാകും. അത്‌ മറികടക്കാനാണ്‌ ക്രൈം ബ്രാഞ്ചിന്റെ ഒന്നും രണ്ടും പ്രതികളെ ഒഴിവാക്കി പിഎംഎൽഎ കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചത്‌. ഇവരുടെ  മൊഴിയുടെ പേരിലാണ്‌ മന്ത്രി പി രാജീവ്‌, മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി എന്നിവർ പരാമർശവിധേയരായത്‌. ഇത്തരത്തിൽ ഇനിയും പല നേതാക്കളുടെയും പേരുകൾ  ഉയർന്നുവരാനിടയുണ്ട്‌.

കരുവന്നൂർ വായ്‌പാ ക്രമക്കേട്‌ അന്വേഷണത്തിന്റെ പേരിൽ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ്‌ ബിജെപിയും കോൺഗ്രസും തുടക്കം മുതൽ ശ്രമിച്ചത്‌.
കരുവന്നൂരിൽ പണം നഷ്ടമായവർക്ക്‌ അത്‌ തിരിച്ചുനൽകുന്ന നടപടി പൂർത്തിയാകുകയാണ്‌. 108 കോടി രൂപ ഇതിനകം നൽകി.  പ്രതികളുടെ സ്വത്തുക്കൾ ലേലം ചെയ്‌ത്‌ പണം ഈടാക്കുന്ന നടപടി ക്രൈംബ്രാഞ്ചും ആരംഭിച്ചിട്ടുണ്ട്‌. എന്നാൽ ക്രൈംബ്രാഞ്ചിൽനിന്ന്‌ പിടിച്ചുവാങ്ങിയ അന്വേഷണ രേഖകൾ ഇഡി തിരിച്ചുനൽകാത്തത്‌ പ്രതിസന്ധിയാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe