കരുവന്നൂർ ബാങ്ക് കേസിൽ നിര്‍ണായകം, സിപിഎം ജില്ലാ സെക്രട്ടറി വീണ്ടും ഇ ഡിക്ക് മുന്നിൽ, കാരണം ആ രഹസ്യമൊഴി

news image
Dec 1, 2023, 5:31 am GMT+0000 payyolionline.in

കൊച്ചി : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ. ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി.  

കരുവന്നൂരിൽ ബെനാമി ലോൺ അനുവദിക്കാൻ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇഡി കണ്ടെത്തൽ. ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നി‍ർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

സാധാരണ ബാങ്ക് ക്രമക്കേട് മാത്രമായി അവസാനിപ്പിക്കാനിരുന്ന കേസുകളിലെ ഉന്നതർ പുറത്ത് വന്നത് തങ്ങളുടെ അന്വേഷണത്തിലാണെന്നാണ് ഇഡി വാദിക്കുന്നത്. ബെനാമി വായ്പകൾക്ക് പിന്നിലുള്ള ഉന്നതരിലേക്ക് സഹകരണ വകുപ്പോ സംസ്ഥാന പൊലീസോ പോയിട്ടില്ല. ഇഡി പ്രതിയാക്കിയ 55 പേരിൽ 37 പേരും പുതുതായി പുറത്ത് വന്ന പ്രതികളാണ്. കരുവന്നൂർ ബാങ്കിൽ നിന്ന് 28 കോടി രൂപയുടെ ബെനാമി വായ്പ നേടിയ പി പി കിരൺ ആരുടെയും ചിത്രത്തിലുണ്ടായിരുന്നില്ല. ബെനാമി ലോണുകളെല്ലാം നിയന്ത്രിച്ച സതീഷ് കുമാർ, സതീഷ് കുമാറിനായി ഇടപാടുകൾ നിയന്ത്രിച്ച സിപിഎം നേതാവ് അരവിന്ദാക്ഷൻ എന്നിവരെല്ലാം സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിന് പുറത്തുള്ളവരാണെന്നും ഇഡി പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe