കരുവന്നൂർ കള്ളപ്പണക്കേസ്: ബാങ്കിന്റെ 2 മുൻഭരണസമിതി അം​ഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ ഇഡി നീക്കം

news image
Nov 20, 2023, 6:11 am GMT+0000 payyolionline.in

തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ നേതാക്കളെ പൂട്ടാൻ കരുനീക്കവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ബാങ്കിന്‍റെ രണ്ട് മുൻ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ കോടതിയെ സമീപിച്ചു. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ അതീവ രഹസ്യമായാണ് നീക്കം. കരുവന്നൂർ ബങ്ക് കേന്ദ്രീകരിച്ച് നടന്ന ബെനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണ് അനുവദിച്ചതെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. ബാങ്ക് സെക്രട്ടറി സുനിൽ, മുൻ മാനേജർ ബിജു കരീം എന്നിവർ ഇത് സംബന്ധിച്ച് നേരത്തെ തന്നെ മൊഴി നൽകിയിരുന്നു. സിപിഎമ്മിന്‍റെ സമാന്തര കമ്മിറ്റിയാണ് ലോൺ അനുവദിക്കാനുള്ള തീരുമാനങ്ങളെടുത്തതെന്നും ഈ തീരുമാനത്തിൽ ഭരണ സമിതിയ്ക്ക് മറ്റ് റോൾ ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് മൊഴികൾ.

കള്ളപ്പണ ഇടപാട് ഘട്ടത്തിൽ 13 അംഗ ഭരണ സമിതിയാണ് ഉണ്ടായിരുന്നത്. മുൻ മാനേജർ ബിജു കരീമിന്‍റെ ആവശ്യപ്രകാരം ലോൺ രേഖകളിൽ ഒപ്പിട്ട് നൽകിയിരുന്നതായും അപേക്ഷയിൽ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഭരണ സമിതി അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഇവരിൽ രണ്ട് പേരെയാണ് മാപ്പുസാക്ഷിയാക്കാൻ ഇഡി കോടതിയെ സമീപിച്ചിട്ടുള്ളത്. കുറ്റപത്രം സ്വീകരിക്കൽ നടപടി പൂർത്തിയായാൽ ഇവരുടെ മൊഴി രേഖപ്പെടുത്തും. കേസിൽ അന്വേഷണം നേരിടുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസി മൊയ്തീൻ, കണ്ണൻ എന്നിവർക്ക് ഈ മൊഴികൾ നിർണ്ണായകമാണ്. സിപിഎം ജില്ലാ സെക്രട്ടറി എം.കെ വർഗീസിന് ഈമാസം 24 ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe