കനത്ത മഴ: ജിദ്ദയില്‍ റോഡുകള്‍ വെള്ളത്തില്‍, വിമാനങ്ങള്‍ വൈകി; രണ്ടു മരണം

news image
Nov 25, 2022, 5:15 am GMT+0000 payyolionline.in
മനാമ : ജിദ്ദയുള്‍പ്പെടെ സൗദിയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ കനത്ത മഴ. മണിക്കൂറുകളോളം പെയ്ത മഴയില്‍ ജിദ്ദയില്‍ ജനജീവിതം സ്തംഭിച്ചു. റോഡുകളും വാഹനങ്ങളും വെള്ളത്തിലായി. വിമാനങ്ങള്‍ വൈകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടക്കുകയും ചെയ്തു. ഒഴുക്കില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. ജിദ്ദ – മക്ക അതിവേഗ പാത അടച്ചതായും സൗദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാവിലെയോടെ ആരംഭിച്ച മഴ വൈകീട്ടും തുടരുകയാണ്. ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങള്‍ എന്നിവടങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കാറ്റും മഞ്ഞു വീഴ്ചയും ഇടിമിന്നലും ഉണ്ട്. ചിലയിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധം. ഹറമൈന്‍ ഹൈവേയും നിരവധി ടണലുകളും നേരത്തെ അടച്ചു. പലസ്തീന്‍ ടണലില്‍ വെള്ളം നിറഞ്ഞു. വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചു.
വെള്ളം ഒഴുകിവരുന്ന പാശ്ചാത്തലത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാനും നിര്‍ദേശിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങിയവരെയും ഒഴുക്കില്‍പെട്ടവരെയും സിവില്‍ ഡിഫന്‍സ് രക്ഷിച്ചു. കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിരവധി വിമാനങ്ങള്‍ സമീപ താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പകല്‍ മുഴുവന്‍ മഴ തുടരുമെന്ന് പ്രവചിക്കപ്പെട്ടതിനാല്‍ നഗരത്തിലെയും റാബിഗ്, ഖുലൈസ് എന്നിവടങ്ങളിലെയും സ്‌കൂളുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലം വീഡിയോകളിലും വിവിധ ഭാഗങ്ങളില്‍ വന്‍വെള്ളപൊക്കവും മഴവെള്ളപാച്ചിലില്‍ തെരുവുകളില്‍ കാറുകള്‍ ഒഴുകിപ്പോകുന്നതും ഉണ്ട്.
ചെങ്കടല്‍ തുറമുഖ നഗരമായ ജിദ്ദയില്‍ 40 ലക്ഷത്തോളം പേര്‍ വസിക്കുന്നുണ്ട്. ശീതകാല മഴയും വെള്ളപ്പൊക്കവും മിക്കവാറും എല്ലാ വര്‍ഷവും ജിദ്ദയില്‍ ഉണ്ടാകാറുണ്ട്. 2009ല്‍ നഗരത്തില്‍ വെള്ളപ്പൊക്കത്തില്‍ 123 പേര്‍ മരിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 10 പേരും മരിച്ചു.
ജിദ്ദയുടെ തെക്കന്‍ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ എട്ടിനും ഉച്ചക്ക് രണ്ടിനുമിടയില്‍ 179 മില്ലിമീറ്റര്‍ മഴപെയ്തതായി സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി വ്യക്തമാക്കി. നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ 2009ലെ വെള്ളപ്പൊക്കത്തിനിടയാക്കിയ മഴയേക്കാളും കൂടുതലാണിതെന്നും അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe