കനത്തമഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

news image
Aug 1, 2022, 5:30 pm IST payyolionline.in

തിരുവനന്തപുരം:  സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ പ്രഖ്യാപിച്ചിരിക്കുന്നത്.  പ്രഫഷണല്‍ കോളജുകള്‍, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.  ഈ ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. തൃശൂരിലും മലപ്പുറത്തും ഒാറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ വ്യാഴാഴ്ച വരെ രാത്രിയാത്രയ്ക്ക്  നിരോധനം ഏര്‍പ്പെടുത്തി. രാത്രി എട്ടുമുതല്‍ രാവിലെ ആറുമണിവരെയാണ് നിയന്ത്രണം.  പത്തനംതിട്ടയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

തമിഴ്നാട്ടിലെ ആരക്കോണത്തുനിന്ന് ദേശീയ ദുരന്തനിവാരണസേനയുടെ കൂടുതല്‍ യൂണിറ്റുകളെ കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍  വിന്യസിക്കും. വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളി  ടീംസണ്‍ മരിച്ചു.  കോട്ടയം മൂന്നിലവ് പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്ന് സംശയം. വാകക്കാട് തോട് കരകവിഞ്ഞു, മൂന്നിലവ് ടൗണില്‍ വെളളം കയറി. മൂന്നിലവില്‍ ശക്തമായ മഴ തുടരുകയാണ്.ജലനിരപ്പ് ഉയരുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജാഗ്രതനിർദേശം. പമ്പ, മണിമല ആറുകളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. നദികളുടെ ഇരു കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും  കലക്ടർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe